ജിദ്ദ: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഇന്ന് സൗദി അറേബ്യയിൽ പ്രദർശനത്തിനെത്തും. ഇതോടെ മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ചരിത്രരേഖയും ലൂസിഫറിന് സ്വന്തമാകും.

പ്രവാസി മലയാളികൾ ഏറെ ആവേശത്തോടെയാണ് മോഹൻലാലിന്റെ മെഗാ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. രാവിലെ 9:30 നും ഉച്ചയ്ക്ക് ഒരുമണിക്കും രാത്രി 10:30 നുമാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവർക്കും മറ്റുള്ളവർക്കും പ്രത്യേകം പ്രദർശനങ്ങൾ ഉണ്ട്. 175 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സംഭാഷണങ്ങളുടെ സബ് ടൈറ്റിലുകളും ഉണ്ടാകും.

ജിദ്ദയ്ക്കു പുറമെ റിയാദിലെ തീയറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. കേരളത്തിൽ മാർച്ച് 28 നാണ് ലൂസിഫർ പ്രദർശനത്തിനെത്തിയത്. അന്ന് തന്നെ യു എ ഇയിലും റിലീസ് ചെയ്തിരുന്നു. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എട്ടു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമെന്ന നേട്ടത്തിലേക്കാണ് ലൂസിഫറിന്റെ കുതിപ്പ്.