മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പൃഥ്വിക്കൊപ്പമുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റം മോഹന്‍ലാലിനൊപ്പമായിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി. മലയാള സിനിമയില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ആദ്യമായി ഇടംപിടിച്ച ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ്. മുരളി ഗോപി തന്നെ തിരക്കഥയൊരുക്കുന്ന എമ്പുരാന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

ALSO READ : രണ്ടാം ശനിയാഴ്ച കളക്ഷനിലും മുന്നേറി 'റോഷാക്ക്'; സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം

അതേസമയം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്‍റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചേക്കുമെന്ന് മുരളി ഗോപിയും പറഞ്ഞിരുന്നു- തീര്‍ച്ഛയായും അത് ആലോചനയിലുള്ള സിനിമയാണ്. ഞങ്ങള്‍ അത് പ്ലാന്‍ ചെയ്‍തിട്ടുള്ള ഒരു സാധനമാണ്. മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബ്യൂട്ട് ആയിരിക്കും അത്. അത് വരുന്നുണ്ട്. അങ്ങനെയൊരു സാധനം പ്ലാന്‍ ചെയ്യുന്നുണ്ട്. നേരത്തെ കമ്മിറ്റ് ചെയ്‍തിട്ടുള്ള പ്രോജക്റ്റുകള്‍ കഴിഞ്ഞിട്ട് ചെയ്യാം എന്നാണ് പ്ലാന്‍, മുരളി ഗോപി പറഞ്ഞിരുന്നു.

അതേസമയം പൃഥ്വിരാജിന്‍റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം ഭാഗഭാക്കാവുന്ന ചിത്രങ്ങള്‍ സംബന്ധിച്ച പല അപ്ഡേറ്റുകളും പുറത്തുവരുന്നുണ്ട്. പ്രഭാസ് നായകനാവുന്ന തെലുങ്ക് ചിത്രം സലാറിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്റെ പേര് വരദരാജ മന്നാര്‍ എന്നാണ്.