നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന വൃഷഭയുടെ റിലീസ് മാറ്റി. പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുമെന്നും അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂവെന്നും ആശീർവാദ് സിനിമാസ് അറിയിച്ചു.
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൃഷഭയുടെ റിലീസ് തിയതി മാറ്റി. നവംബർ 6ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിപ്പോൾ മാറ്റിയതായി നിർമാതാക്കളായ ആശീർവാദ് സിനിമാസ് അറിയിച്ചു. പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുമെന്നും അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂവെന്നും ആശീർവാദ് സിനിമാസ് കൂട്ടിച്ചേർത്തു.
നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് വൃഷഭ. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
ഒരു അച്ഛൻ- മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് റിലീസ്. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിംഗ് കെ എം പ്രകാശ്, സംഗീതം സാം സി എസ്, സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖില്‍, പിആർഒ ശബരി.



