ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മത്സരാർത്ഥി സാബുമാൻ തൻ്റെ മുട്ട മോഷ്ടിച്ചുവെന്നാരോപിച്ച് പ്രശ്നം ഉണ്ടാക്കി. മോഷ്ടിച്ചയാൾ മുടിഞ്ഞുപോകട്ടെ എന്ന് ഇയാള്‍ ശപിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ എട്ട് പേരാണ് വീട്ടിൽ അവശേഷിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ആരാകും ടൈറ്റിൽ കിരീടം ചൂടുകയെന്ന് അറിയാനായി കാത്തിരിക്കുകയാണ് ഏവരും. നിലവിൽ ഹൗസിലുള്ളൊരു മത്സരാർത്ഥിയാണ് സാബുമാൻ. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആളാണ് സാബു. മികച്ചൊരു മത്സരാർത്ഥിയാകും സാബുമാൻ എന്ന് ഏവരും വിധി എഴുതിയെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഇതുവരെയും അയാൾക്ക് സാധിച്ചിട്ടില്ല. ഇതിന്റെ പേരിൽ മോഹൻലാൽ അടക്കം പരിഹാസരൂപേണ സാബുമാനോട് സംസാരിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ കളികൾ പുറത്തെടുക്കാൻ സാബു തയ്യാറായിട്ടുമില്ല.
ഇന്നിതാ മുട്ടയുടെ പേരിൽ സാബുമാൻ വീട്ടിൽ സംസാരിക്കുകയാണ്. തന്റെ മുട്ട ആരോ എടുത്തുവെന്നാണ് സാബുമാൻ പറയുന്നത്. "എന്ത് വൃത്തികെട്ട പരിപാടിയാണ് ഇവർ കാണിക്കുന്നത്. ആകപ്പാടെ എട്ട് പേരെ ഉള്ളൂ. ഇവർക്കൊന്ന് നേരെ നിന്നൂടെ. കാര്യമായിട്ട് പറയുവാ വെറും വൃത്തികെട്ട പരിപാടിയാണിത്", എന്നാണ് സാബുമാൻ പറയുന്നത്. തങ്ങളല്ല എടുത്തതെന്ന് നെവിനും അക്ബർ ഖാനും പറയുന്നുമുണ്ട്. ഒടുവിൽ ബാക്കി വന്ന മുട്ട കിച്ചണിൽ വച്ച് കൊണ്ട്, "ഇതിവിടെ വയ്ക്കുകയാണ്. എടുക്കുന്നവൻ മുടിഞ്ഞു പോകട്ടെ", എന്ന് സാബുമാൻ ശപിക്കുന്നതും പുതിയ പ്രമോയിൽ കാണാം.
അതേസമയം, പ്രമോയ്ക്ക് പിന്നാലെ രസകരമായ കമന്റുകളുമായി ബിഗ് ബോസ് പ്രേക്ഷകരും രംഗത്ത് എത്തി. "ഹാവു..ഇപ്പോഴെങ്കിലും ഇവന്റെ സൗണ്ട് ഒന്ന് കേട്ടല്ലോ", എന്നാണ് പരിഹാസത്തോടെ ഇവർ കമന്റ് ചെയ്യുന്നത്. "അനുമോൾ ശപിക്കുന്നു എന്ന് കുറ്റം പറഞ്ഞവർ ഒരു മുട്ടയ്ക്ക് വേണ്ടി പ്രാകുന്നു", എന്ന് കമന്റിടുന്നവരും ധാരാളം. ഒപ്പം ഈ മുട്ട എടുത്തത് ആരാണെന്ന് കാണിക്കണമെന്നും ബിഗ് ബോസിനോടായി പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. ഇനി വെറും 8 മത്സരാർത്ഥികളാണ് ബിഗ് ബോസ് മലയാളം സീസൺ 7ൽ ഉള്ളത്. നെവിൻ, അനുമോൾ, ആദില, നൂറ, അനീഷ്, അക്ബർ, ഷാനവാസ് എന്നിവരാണ് അവർ. ഇതിൽ നൂറ, ടിക്കറ്റ് ടു ഫിനാലേ വിജയ്ക്ക് ടോപ് 5ൽ എത്തിക്കഴിഞ്ഞു.



