തന്‍റെ കഥാപാത്രങ്ങള്‍ക്കായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്ന താരമാണ് മോഹന്‍ലാല്‍. അതിനായി ഏതറ്റം വരെയും പോകും. ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും തുടങ്ങി പല രൂപമാറ്റങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് വര്‍ക്കൗട്ട് തുടങ്ങിയ മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയൊരു ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പേജിലിട്ട ചിത്രത്തിന്‍റെ താഴെ കമന്‍റുകളായി വരുന്ന പ്രതികരണങ്ങളാണ് ഏറെ രസകരം. കൂടുതല്‍ പേരും ഈ ലാലേട്ടന്‍ ഇത് എന്ത് ഭാവിച്ചാണ് എന്ന തരത്തിലാണ് കമന്‍റ് ഇട്ടിരിക്കുന്നത്. വയറും തടിയും കുറച്ച് താടി വെച്ച് നല്ല മാസ് ലുക്കിലാണ് മോഹന്‍ലാല്‍. ജിമ്മില്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ മുമ്പും മോഹന്‍ലാല്‍ ഫേസ്ബുക്കിലും മറ്റും പങ്കുവെച്ചിട്ടുണ്ട്.

അതില്‍ ഒടിയന്‍റെ റിലീസിന് മുമ്പ് പ്രണവിനൊപ്പം നില്‍ക്കുന്ന ചിത്രം ഏറെ വെെറലായി മാറിയിരുന്നു. കുഞ്ഞാലി മരയ്ക്കാര്‍-അറബിക്കടലിന്‍റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ഹെെദരാബാദില്‍ നിന്ന് തിരിച്ചെത്തിയിട്ടേയുള്ളൂ.

വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന മരയ്ക്കാര്‍ ഡിസംബറില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്ന് മോഹല്‍ലാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ റിലീസിനായാണ് ഇപ്പോള്‍ ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28ന് അവതരിക്കുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.