തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്നേഹ
മികച്ച ബാലതാരത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ സ്നേഹ അനുവിനെ (Sneha Anu) ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ (Mohanlal). അപ്രതീക്ഷിതമായി മോഹന്‍ലാലിന്‍റെ വിളി എത്തിയപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാനുള്ള തന്‍റെയും കുടുംബത്തിന്‍റെയും ആഗ്രഹവും സ്നേഹ വെളിപ്പെടുത്തി. അതിന് അവസരം ഉണ്ടാക്കാമെന്ന് മോഹന്‍ലാലിന്‍റെ പ്രതികരണം.
അഭിനന്ദനങ്ങള്‍. സിനിമ പിന്നെ കാണാം. കാണാന്‍ പറ്റിയിട്ടില്ല. നല്ല മിടുക്കിയായിട്ട് ഇരിക്കൂ. ഒരുപാട് സന്തോഷം, ഒരുപാട് സ്നേഹം, ഒരുപാട് പ്രാര്‍ഥന, ഇതായിരുന്നു സ്നേഹയോടുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍. തന്നെ നേരില്‍ കാണണമെന്ന് ആഗ്രഹം പറഞ്ഞ കുട്ടിയോട് താന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ അവസരം ഉണ്ടാക്കാമെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് അന്വേഷിച്ച മോഹന്‍ലാല്‍ സിനിമയ്ക്കൊപ്പം പഠനത്തിലും ശ്രദ്ധിക്കണമെന്ന് സ്നേഹയെ ഉപദേശിച്ചു.
തിരുവനന്തപുരം നഗരഹൃദയത്തിലെ രാജാജി നഗര്‍ കോളനിയിലെ താമസക്കാരിയായ സ്നേഹയുടെ അവാര്‍ഡ് നേട്ടം പുരസ്കാര പ്രഖ്യാപന വേളയില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്നേഹ. കയസ് മിലന്‍ സംവിധാനം ചെയ്ത തല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്നേഹയ്ക്ക് പുരസ്കാരം ലഭിച്ചത്. നഗരത്തിലെ ചേരിയില്‍ ജീവിക്കുന്ന പെണ്‍കുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സ്നേഹയ്ക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. കോളനിയിലെ കുട്ടികള്‍ക്കായി നടത്തിയ ഓഡിഷനില്‍ സ്നേഹ നടത്തിയ പ്രകടനം അണിയറക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നേരത്തെ കൊച്ചുപ്രേമന്‍ നായകനായ രൂപാന്തരം എന്ന ഹ്രസ്വചിത്രത്തിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. ഇതിലെ പ്രകടനത്തിന് ഗോവ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ദിവസവേതനക്കാരനാണ് സ്നേഹയുടെ അച്ഛന്‍ അനു.
"
