സ്‍ത്രൈണ ഭാവങ്ങളുമായി വീഡിയോയില്‍ മോഹൻലാല്‍.
മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായി മാറിയിരുന്നു തുടരും. മോഹൻലാലും പ്രകാശ് വര്‍മയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ തരംഗമായി മാറിയിരിക്കുന്നത്.
സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തില്‍ മോഹൻലാല്‍. ആഭരണങ്ങള്‍ അണിഞ്ഞ് സ്‍ത്രൈണ ഭാവത്തില്‍ ചുവടുവയ്‍ക്കുന്ന മോഹൻലാലിനെയാണ് പരസ്യത്തില്‍ കാണാനാകുക. പാളിപ്പോകാവുന്ന ഐറ്റം മോഹൻലാല്‍ വേറെ ലെവലില്‍ എത്തിച്ചു എന്നാണ് മിക്കവരുടെയും കമന്റുകള്‍. ട്രോളാകുമായിരുന്ന സംഭവം മികച്ച കലാസൃഷ്‍ടിയായി മാറ്റിയിരിക്കുകയാണ് മോഹൻലാല്‍. ഏത് വേഷത്തില്‍ വന്നാലും മോഹൻലാല്‍ അത് മികച്ചതാക്കും എന്നുമൊക്കെ കമന്റുകളുണ്ട്. മോഹൻലാല്‍ സാര്‍ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഖുശ്‍ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷൻമാരിലുമുള്ള സ്‍ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മോഹൻലാല്‍. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് എന്നും ഖുശ്‍ബു അഭിപ്രായപ്പെടുന്നു.
പ്രകാശ് വര്‍മയുടെ കണ്‍സെപ്റ്റിനെയും അഭിനന്ദിക്കുന്നു ആരാധകരില്‍ ഭൂരിഭാഗവും. ഇരുവരെയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ചു കാണാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട് മറ്റ് ചിലര്‍. പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷൻസ് നിര്‍മിച്ച വിൻസ്‍മേര ജുവല്‍സിന്റെ പരസ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ പരസ്യം മോഹൻലാലും പങ്കുവെച്ചിട്ടുണ്ട്.
തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. തുടരുമിന്റെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് സിനിമ ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ പുറത്തുവിട്ടിരുന്നു. മോഹൻലാല്‍ നായകനായ തുടരും 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം നേടിയപ്പോള്‍ വിദേശത്ത് 94.35 കോടി രൂപയും നേടിയിട്ടുണ്ട്. മോഹൻലാലിനു പുറമേ ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
