കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം

ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടില്‍ അദ്ദേഹത്തെ അനുസ്മരിച്ചും വ്യക്തിപരമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞും മോഹന്‍ലാല്‍. അഞ്ച് വര്‍ഷം കൊണ്ട് വരച്ച് തനിക്ക് സമ്മാനിച്ച വിസ്‍മയ ചിത്രത്തെക്കുറിച്ചും അരികിലുണ്ടായിരുന്ന സഹോദരതുല്യമായ സാന്നിധ്യത്തെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്

മോഹന്‍ലാലിന്‍റെ കുറിപ്പ്

"ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ."

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളാൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ വാസുദേവൻ നമ്പൂതിരിയുടെ ജനനം. തകഴി, എംടി. ബഷീർ, പൊറ്റെക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ALSO READ : 'ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ എന്തുകൊണ്ട് അഖില്‍ മാരാര്‍ ഉണ്ടാവില്ല'? കാരണം പറഞ്ഞ് രജിത്ത് കുമാര്‍ 

Gandharvan - Two legends and a painting | Short Documentary | Artist Namboodiri | Mohanlal