അന്ന് മോഹന്‍ലാലിന്‍റെ പ്രതിഫലം 8000, മമ്മൂട്ടിക്ക് 10,000; കരിയറിന്‍റെ തുടക്കത്തില്‍ ഒപ്പം നിന്ന നിര്‍മ്മാതാവ്
ഗൃഹലക്ഷ്മി ഫിലിംസ് എന്ന് കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് ആദ്യമെത്തുന്ന ചിത്രം ഒരു വടക്കന്‍ വീരഗാഥ ആയിരിക്കും.

മലയാള സിനിമയുടെ കഴിഞ്ഞ കാലം ഒരു കൂട്ടം മികച്ച നിര്‍മ്മാതാക്കളുടേത് കൂടിയാണ്. കലയും കാമ്പും വിനോദവുമൊക്കെ സമ്മേളിപ്പിച്ച് ആ സിനിമകളൊരുക്കിയ സംവിധായകരെയും അഭിനേതാക്കളെയും മാത്രം പലപ്പോഴും നമ്മള്‍ ഓര്‍ത്തു. എന്നാല്‍ സിനിമയെന്നത് ഒരു വ്യവസായം ആയിരിക്കുമ്പോഴും അത് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ്, അത്തരം പ്രോജക്റ്റുകള്‍ സംഭവിക്കാന്‍ കാരണക്കാരായ നിര്‍മ്മാതാക്കള്‍ പലപ്പോഴും ഓര്‍മ്മകളുടെ ആ വൃത്തത്തിന് പുറത്തുനിന്നു. മലയാള സിനിമയ്ക്ക് കാമ്പുള്ള സംഭാവന നല്‍കിയ നിര്‍മ്മാതാക്കളുടെ കണ്ണിയില്‍ ഒന്നായിരുന്നു ഇന്ന് അന്തരിച്ച പി വി ഗംഗാധരന്‍.
അദ്ദേഹത്തിന്‍റെ ഗൃഹലക്ഷ്മി ഫിലിംസ് എന്ന് കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് ആദ്യമെത്തുന്ന ചിത്രം ഒരു വടക്കന്‍ വീരഗാഥ ആയിരിക്കും. എന്നാല്‍ വടക്കന്‍ വീരഗാഥ മാത്രമല്ല മലയാളി ഇന്നും കണ്ടുകൊണ്ടിരിക്കുന്ന ഇരുപതിലേറെ സിനിമകളുടെ നിര്‍മ്മാതാവാണ് അദ്ദേഹം. മലയാള സിനിമ എണ്‍പതുകളുടെ തുടക്കത്തില്‍ ഒരു പുതുഭാവുകത്വത്തിലേക്ക് എത്തിച്ചേര്‍ന്നതില്‍ പി വി ഗംഗാധരനെപ്പോലെ സര്‍ഗധനരായ നിര്‍മ്മാതാക്കള്‍ക്കും പങ്കുണ്ട്. 1972 ലെ ഒരു സായാഹ്നത്തില്‍ കോഴിക്കോട് ഒത്തുചേര്‍ന്ന 30 ചെറുപ്പക്കാര്‍ക്ക് പൊതുവായുണ്ടായിരുന്ന ലക്ഷ്യം നല്ല സിനിമകള്‍ ഉണ്ടാക്കുക എന്നതായിരുന്നു. അതിലൊരാള്‍ പി വി ഗംഗാധരന്‍ ആയിരുന്നു. അതാണ് ഹരിഹരന്‍റെ സംവിധാനത്തില്‍ 1977 ല്‍ പുറത്തിറങ്ങിയ സംഗമം എന്ന സിനിമ. ഈ ചിത്രത്തിന്‍റെ ഭാഗമായതോടെയാണ് സിനിമയാണ് തന്‍റെ വഴിയെന്ന് പിവിജി നിശ്ചയിച്ചത്.
കെ ടി മുഹമ്മദിന്‍റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ടി ദാമോദരനും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് പി വി ഗംഗാധരന്‍ ആദ്യമായി സ്വതന്ത്ര നിര്‍മ്മാതാവായ ചിത്രം. നസീര്‍, ജയഭാരതി, ഉമ്മര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. എണ്‍പതുകളുടെ തുടക്കത്തില്‍ ഒരു പുതുതലമുറ സിനിമയുടെ എല്ലാ മേഖലകളിലേക്കും എത്തിയതിലും ഗംഗാധരനെപ്പോലെയുള്ള നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാട് ഉണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ താരപ്പകിട്ടിലേക്കുള്ള ആദ്യ പടികള്‍ കയറിപ്പോകാന്‍ കാരണക്കാരനായവരില്‍ അദ്ദേഹവുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ച ഗൃഹലക്ഷ്മിയുടെ ആദ്യ ചിത്രം അഹിംസ ആയിരുന്നു. സുകുമാരനൊപ്പം നായകതുല്യമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ മോഹന്‍ എന്ന മറ്റൊരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
മഞ്ചേരിയിലെ പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീധരന്‍ നായരാണ് മുന്‍പ് തന്‍റെ ജൂനിയര്‍ ആയിരുന്ന മമ്മൂട്ടിയുടെ കാര്യം പിവിജിക്ക് മുന്നില്‍ അവതരിപ്പിച്ചത്. അങ്ങനെയാണ് മമ്മൂട്ടി ടി ദാമോദരന്‍റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത അഹിംസയില്‍ എത്തിയത്. 10,000 രൂപ ആയിരുന്നു ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിഫലം. അഹിംസയിലെ വേഷത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കാന്‍ ദാമോദരന്‍ മാഷും പിവിജിയും കൂടിയാണ് പോയത്. ഈ അനുഭവം ഗൃഹലക്ഷ്മിക്ക് നല്‍കിയ ഒരു മുന്‍ അഭിമുഖത്തില്‍ പിവിജി അനുസ്മരിക്കുന്നുണ്ട്. "മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്ത് നില്‍ക്കുന്ന സമയമാണ്. ഞാനും ദാമോദരന്‍മാഷും കൃഷ്‌ണേട്ടനുംകൂടെ ലാലിനെ അന്വേഷിച്ചുചെന്നു. അന്ന് ലാല്‍ കോടമ്പാക്കത്ത് ചെറിയൊരു ലോഡ്ജിലായിരുന്നു താമസം. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുണ്ട്. നിങ്ങളെയാണ് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നതെന്ന് ലാലിനോട് പറഞ്ഞു. ഞങ്ങള്‍ സംസാരിക്കുന്നതെല്ലാം കേട്ടുകൊണ്ട് വളരെ വിനയത്തോടെ ലാല്‍ ഒരു വാതിലില്‍ ചാരിനില്‍ക്കുകയായിരുന്നു. എത്ര പറഞ്ഞിട്ടും അയാള്‍ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല. എല്ലാം തീരുമാനിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു 'എന്താണ് നിങ്ങളുടെ ഫീസ്.' അപ്പോള്‍ ലാലിന്റെ മറുപടി. 'ഞാന്‍ പറയില്ല. എന്തേലും തന്നാല്‍ മതി. വിളിച്ചതുതന്നെ വലിയ സന്തോഷം.' 8000 രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞപ്പോള്‍ ലാല്‍ കൈകൂപ്പി പറഞ്ഞു, ഒരുപാട് സന്തോഷം".
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക