Asianet News MalayalamAsianet News Malayalam

അവസാന ചിത്രത്തിന്‍റെ ലാഭത്തേക്കാള്‍ അഞ്ച് മടങ്ങ്! 'ബി​ഗ് ബോസ് 17' ല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം

ബി​ഗ് ബോസിന്‍റെ വിവിധ ഭാഷാ പതിപ്പുകളില്‍ ഓരോന്നിലും അതത് ഇടങ്ങളിലെ സൂപ്പര്‍താരങ്ങളാണ് അവതാരകര്‍. എന്നാല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് സല്‍മാന്‍ ഖാന്‍ ആണ്

salman khan fees for bigg boss 17 five times higher than the profit of Kisi Ka Bhai Kisi Ki Jaan nsn
Author
First Published Oct 13, 2023, 3:54 PM IST

ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. മലയാളമുള്‍പ്പെടെ നിരവധി ഭാഷകളിലായി കോടിക്കണക്കായ ആരാധകരുള്ള ഷോ. ഓരോ പുതിയ സീസണിനുവേണ്ടിയും അതത് ഭാഷകളിലെ ആരാധകര്‍ വലിയ കാത്തിരിപ്പാണ് നടത്താറുള്ളത്. മലയാളത്തിലെ അഞ്ചാം സീസണാണ് ഏറ്റവുമൊടുവില്‍ നടന്നതെങ്കില്‍ ഏറ്റവുമധികം കാണികളുള്ള ഹിന്ദിയില്‍ ആരംഭിക്കാനിരിക്കുന്നത് 17-ാം സീസണ്‍ ആണ്. ഷോയുടെ ആരാധകര്‍ കാത്തിരിക്കുന്നതുപോലെ സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. ഇപ്പോഴിതാ പുതിയ സീസണില്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലമാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നത്.

ബി​ഗ് ബോസിന്‍റെ വിവിധ ഭാഷാ പതിപ്പുകളില്‍ ഓരോന്നിലും അതത് ഇടങ്ങളിലെ സൂപ്പര്‍താരങ്ങളാണ് അവതാരകര്‍. എന്നാല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് സല്‍മാന്‍ ഖാന്‍ ആണ്. ഓരോ സീസണിലും സല്‍മാന്‍റെ പ്രതിഫലത്തില്‍ കാര്യമായ വര്‍ധനവും ഉണ്ടാവുന്നുണ്ട്. ബി​ഗ് ബോസ് 17 ല്‍ ഓരോ വാരവും അദ്ദേഹത്തിന് ലഭിക്കുന്നത് 12 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാണ് മറ്റെല്ലാ ബി​ഗ് ബോസ് അവതാരകരെയുംപോലെ സല്‍മാന്‍ ഖാനും ഫ്ലോറില്‍ എത്താറ്. എന്നാല്‍ ആ രണ്ട് ദിവസത്തേക്കുമുള്ള ഫൂട്ടേജ് ഒറ്റ ദിവസമായിരിക്കും മിക്കവാറും ചിത്രീകരിക്കുക. അങ്ങനെ എപ്പിസോഡ് കണക്കില്‍ നോക്കുന്നപക്ഷം 6 കോടിയാണ് അവതാരകനായെത്തുന്ന ഓരോ എപ്പിസോഡിലും സല്‍മാന് ലഭിക്കുക. അതേസമയം സീസണ്‍ 17 ല്‍ നിന്ന് സല്‍മാന് ലഭിക്കുന്ന ആകെ പ്രതിഫലം 200 കോടി ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റവുമൊടുവില്‍ നായകനായ കിസീ കാ ഭായ് കിസീ കി ജാന്‍ നേടിക്കൊടുത്തതിലുമധികം ലാഭമാണ് ബിഗ് ബോസ് 17 സല്‍മാന് നേടിക്കൊടുക്കുന്നത്. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ച സിനിമയുടെ ബജറ്റ് 125 കോടി ആയിരുന്നു. ഡിസ്ട്രിബ്യൂട്ടര്‍ കമ്മിഷന്‍ ഇനത്തില്‍ ചെലവായ 7.37 കോടി അടക്കം ആകെ മുതല്‍മുടക്ക് 132.5 കോടി. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 110 കോടി നേടാന്‍ ചിത്രത്തിനായി. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 49.73 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയ 50.86 കോടി കളക്ഷനില്‍ നിന്നുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 22.88 കോടി ആണ്. ഡിജിറ്റല്‍, മ്യൂസിക്, സാറ്റലൈറ്റ് റൈറ്റുകളില്‍ നിന്നും ഇന്‍ ഫിലിം ബ്രാന്‍ഡിംഗില്‍ നിന്നും മറ്റൊരു 100 കോടി കൂടി ചിത്രം നേടിയിട്ടുണ്ട്. അതായത് ചിത്രത്തിന്‍റെ ആകെ നേട്ടം 172.61 കോടിയാണ്. മുതല്‍ മുടക്ക് ആയ 132 കോടി ഇതില്‍ നിന്ന് കുറയ്ക്കുന്നതാണ് ചിത്രം നിര്‍മ്മാതാവ് സല്‍മാന് ഖാന് നല്‍കിയ ലാഭം. അതായത് 40.24 കോടിയാണ് കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രം നിര്‍മ്മാതാവ് സല്‍മാന്‍ ഖാന് ഉണ്ടാക്കിയിരിക്കുന്ന ലാഭം. അതായത് ബിഗ് ബോസ് 17 ല്‍ നിന്ന് ലഭിക്കുന്ന 200 കോടി എന്നാല്‍ ഇതിന്‍റെ അഞ്ച് ഇരട്ടി വരും! അതേസമയം ബിഗ് ബോസ് 17 ഒക്ടോബര്‍ 15 ന് ആരംഭിക്കും.

ALSO READ : 'മാര്‍ക്ക് ആന്‍റണി'യും 'കാസര്‍​ഗോള്‍ഡും' മാത്രമല്ല, ഈ വാരം ഒടിടിയില്‍ എത്തിയിരിക്കുന്നത് പത്തിലേറെ സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios