കൊച്ചി:  എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴം മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ ആസ്പദമാക്കിയുളള ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍,  ഭീമന്റെ വേഷം അവതരിപ്പിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. ഇതേക്കുറിച്ചുളള വാര്‍ത്തകള്‍ പലതും വന്നിരുന്നെങ്കിലും ചിത്രം യാഥാര്‍ഥ്യമാകുമോയെന്ന് മറ്റുള്ളവരെപ്പോലെ താനും സംശയിക്കുന്നുണ്ടെന്നുമാണ് താരം പറഞ്ഞത്. 'ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു.

സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്.  രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതൊരു വലിയ ചോദ്യചിഹ്നമാണ്. അത് സംഭവിക്കട്ടെ. അത് കഴിഞ്ഞ് ആ സെറ്റില്‍ പോയി അഭിനയിച്ചു തുടങ്ങുമ്പോഴേ ഞാന്‍ അതില്‍ അഭിനയിച്ചു എന്നെനിക്ക് പറയാനാകൂ.

ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അത് നടക്കട്ടെ എന്നേ പറയാനുള്ളൂ. അല്ലാതെ നടക്കാന്‍ പോകുകയാണെന്നോ നടക്കില്ലെന്നോ എനിക്ക് നിങ്ങളോട് പറയാനാകില്ല. അതിനുള്ള അധികാരമോ അറിവോ തയ്യാറെടുപ്പോ എനിക്കില്ല''- മോഹന്‍ലാല്‍ വ്യക്തമാക്കി. 

അതേസമയം പൃഥിരാജിന്റെ പ്രതിഭയില്‍ വിശ്വാസമുണ്ടെന്നും ലൂസിഫര്‍ വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '40 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളെ ഈ യാത്രയില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു.

പൃഥ്വിയെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. മുരളിയും പൃഥ്വിയും എന്നോട് കഥ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാമെന്ന് ഞാന്‍ ഏല്‍ക്കുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഞാന്‍ മുന്നോട്ട് വയ്ക്കുന്നില്ല. എല്ലാ സിനിമകളും നന്നാകണം എന്ന് കരുതിയാണ് ചെയ്യുന്നത്.

ചിലത് വിജയമാകും മറ്റു ചിലത് പരാജയപ്പെടും. എന്നാല്‍ ലൂസിഫറില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്' - മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും ലൂസിഫറിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.