മോഹന്‍ലാലിന്‍റെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ശ്രദ്ധേയം 'ദൃശ്യം' ആയിരുന്നു. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ 2013ല്‍ പുറത്തെത്തിയ ത്രില്ലര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്‍കുട്ടിയുടെ ഭാര്യ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. ഇപ്പോഴിതാ മീനയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. ഒപ്പം ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന 'ദൃശ്യം 2'ലേക്ക് മീനയെ സ്വാഗതം ചെയ്യുകയുമാണ് മോഹന്‍ലാല്‍.

ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ മീനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. "പിറന്നാള്‍ ആശംസകള്‍ മീന, ദൃശ്യം 2 സെറ്റിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു", മീനയുടെ ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ദൃശ്യം 2ന്‍റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. സിനിമയുടെ ചിത്രീകരണം പതിനാലിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഷെഡ്യൂള്‍ നീളുകയായിരുന്നു. എല്ലാവര്‍ഷവും നടത്താറുള്ള ആയുര്‍വേദ ചികിത്സയ്ക്കായി പാലക്കാടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ പോയിരിക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. അത് പൂര്‍ത്തിയാക്കിയതിനു ശേഷമാവും മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും ദൃശ്യം 2 ചിത്രീകരിക്കുകയെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊടുപുഴയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍.