ഗാനം ഫെബ്രുവരി 5നാണ് പുറത്തിറങ്ങുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ– പ്രിയദർശൻ കൂട്ടുക്കെട്ടിലെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കുഞ്ഞുകുഞ്ഞാലി’ എന്ന ഗാനത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഗാനം അഞ്ചു ഭാഷകളിലായാകും പുറത്തിറങ്ങുകയെന്നും കെഎസ് ചിത്രയായിരിക്കും എല്ലാ ഭാഷകളിലും ശബ്ദം നൽകുക എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഗാനം ഫെബ്രുവരി 5നാണ് പുറത്തിറങ്ങുന്നത്.

റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാർ, കെഎസ് ചിത്ര, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ എന്നിവർ മരക്കാറിനായി പാടുന്നു. കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.