കൊച്ചി: കൊച്ചിയിലെ ശ്രീബാലാജി കോഫീഹൗസ് ഉടമകളായ വിജയനും മോഹനയും ശ്രദ്ധേയരായത് അവരുടെ യാത്രയോടുള്ള പ്രണയം കൊണ്ടാണ്. യാത്ര ചെയ്യാൻ പ്രായം ഒരു പ്രശ്നമേയല്ലെന്ന് ഇവർ തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ചു കഴിഞ്ഞു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇപ്പോൾ ഇവർ വാർത്തകളിൽ ഇടം പിടിക്കുന്നത്. തനിക്ക് ഉച്ചയൂണുമായെത്തിയ മോഹനയെയും വിജയനെയും ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ലാലിന്റെ തേവരയിലെ വീട്ടിലെത്തിയാണ് ഇവർ സന്ദര്‍ശനം നടത്തിയത്. 

ഇവര്‍ നമുക്ക് പ്രചോദനമാണെന്ന് പറഞ്ഞുകൊണ്ടാണ്  ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ''എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയന്‍-മോഹന ദമ്പതികള്‍ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. കൊച്ചിയിലെ ഗാന്ധി നഗറിലെ പ്രശസ്തമായ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുകയാണ് ഇവര്‍. ഇരുവര്‍ക്കുമൊപ്പം എന്റെ വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്. അവര്‍ കൊണ്ടുവന്ന ഭക്ഷണവും നന്നായിരുന്നു. ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവര്‍..'' മോഹൻലാൽ കുറിച്ചു.

ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഇവർ ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പണം കണ്ടെത്തുന്നത്. ദിനംപ്രതി നിശ്ചിത തുക ഇതിലേക്കായി മാറ്റിവക്കും. തുക തികയാതെ വന്നാൽ ലോണെടുക്കും. യാത്ര ചെയ്ത് തിരികെയെത്തിയതിന് ശേഷം ജോലി ചെയ്ത് ആ ലോൺ തിരികെ അടക്കും. ഇതിനകം 25 രാജ്യങ്ങളാണ് ഇവർ സന്ദർശിച്ചിരിക്കുന്നത്.