സിനിമാ താരങ്ങളെ കുറിച്ച് പലതവണയായി വന്ന വ്യാജ വാര്‍ത്തകളില്‍ ഒന്നാണ് മരണത്തെ കുറിച്ച്. നടി കനക മരിച്ചുവെന്ന വ്യാജവാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. അങ്ങനെ മലയാളത്തിലായാലും തമിഴിലായാലുമൊക്കെ പല താരങ്ങളും ഇത്തര വ്യാജ വാര്‍ത്ത നേരിട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മരണവാര്‍ത്ത ചിരിപ്പിക്കുകയായിരുന്നുവെന്നാണ് മോഹൻലാല്‍ പറയുന്നത്. സ്റ്റാര്‍ ആൻഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് മോഹൻലാല്‍ ഇക്കാര്യം പറയുന്നത്.

ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്‍തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നു പോകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങനെയിരിക്കുമ്പോള്‍ ഒരു കുഞ്ഞുകാറ്റ് വന്ന് കെടുത്തിക്കളയുകയും ചെയ്യും- മോഹൻലാല്‍ പറയുന്നു.  വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്‍പ നേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു. അഭിനയത്തോട് തനിക്ക് തോന്നിയിട്ടുള്ളത് ഒരു ഭ്രാന്തമായ അഭിനിവേശമാണെന്നും മോഹൻലാല്‍ പറഞ്ഞു.