ഒടിയന്‍ തന്റെ അഭിനയജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമയാണെന്ന് മോഹന്‍ലാല്‍. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി എന്നീ സിനിമകളുടെ വിജയാഘോഷവും മരയ്ക്കാര്‍, എംപുരാന്‍, ബറോസ് എന്നീ സിനിമകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഒരുമിച്ച് നടന്ന വേദിയില്‍ സദസ്സിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായെന്നും എന്നാല്‍ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന പേരിലായിരുന്നു പരിപാടി.

'മറ്റ് സിനിമകളെപ്പോലെ തന്നെ സംഭവിച്ച ഒരു സിനിമയാണ് ഒടിയനും എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ശ്രീകുമാറിനും ഹരികൃഷ്ണനും ആന്റണിക്കും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായി. പക്ഷേ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. തീര്‍ച്ഛയായും ശ്രീകുമാറിന്റെ കഠിനശ്രമം ആ സിനിമയുടെ പിന്നിലുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് എന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമകളില്‍ ഒന്നായിമാറി ഒടിയന്‍. അതിന് നന്ദി ശ്രീകുമാര്‍. ഈ സിനിമ കണ്ട് ഞങ്ങളെ അനുഗ്രഹിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു,' മോഹന്‍ലാല്‍ പറഞ്ഞു.