ഒരു സിനിമാ പേജിലെ പോസ്റ്റിന് ബോളിവുഡ് താരം തബു നല്‍കിയ കമന്‍റ് ശ്രദ്ധ നേടുന്നു

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയില്‍ എപ്പോഴും ഇടംപിടിക്കാറുള്ള ആളാണ് മോഹന്‍ലാല്‍. മലയാളികള്‍ മാത്രമല്ല, മറുഭാഷാ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരും മോഹന്‍ലാലിന്‍റെ പ്രതിഭയെ എപ്പോഴും ബഹുമാനത്തോടെയാണ് പരാമര്‍ശിക്കാറുള്ളത്. ഇപ്പോഴിതാ ഒരു മൂവി അപ്രീസിയേഷന്‍ പേജില്‍ മോഹന്‍ലാലിനെക്കുറിച്ച് വന്ന പോസ്റ്റിന് ഒരു ബോളിവുഡ് താരം ഇട്ട കമന്‍റ് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഫിലിം ചിക്കോ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത് ബോളിവുഡിലെ പ്രമുഖ താരം തബുവാണ്.

മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമായിരുന്നു വാനപ്രസ്ഥം. കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി നടനായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രം ഷാജി എന്‍ കരുണ്‍ ആണ് സംവിധാനം ചെയ്തത്. ഇന്‍ഡോ- ഫ്രഞ്ച് കോ പ്രൊഡക്ഷനായി എത്തിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വിസ് ക്യാമറാമാനായ റിനാറ്റോ ബെര്‍ത്ത ആയിരുന്നു. മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു നിരീക്ഷണം പിന്നീട് പലപ്പോഴും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ കടന്നുവന്നിട്ടുണ്ട്. തെറ്റായ ഇടത്ത് ജനിച്ചയാളാണ് ഈ നടനെന്നും ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്താണ് ജനിച്ചിരുന്നതെങ്കില്‍ മോഹന്‍ലാലിന് ഒരു ഓസ്കര്‍ ലഭിച്ചേനെ എന്നുമായിരുന്നു അത്. വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്‍റെ ചില ഗ്ലിംപ്സുകള്‍ക്കൊപ്പം റിനാറ്റോ ബെര്‍ത്തയുടെ വാചകം കൂടി ചേര്‍ത്തുള്ള പോസ്റ്റ് ആണ് മൂവി പേജില്‍ വന്നത്. ഇതിന് വന്ന കമന്‍റുകളില്‍ ഒന്ന് തബുവിന്‍റേത് ആയിരുന്നു. നിരീക്ഷണത്തോടെ പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് കൈയടികളുടെ സ്മൈലിയാണ് തബു ഈ പോസ്റ്റിന് കമന്‍റ് ആയി ചേര്‍ത്തത്.

 

View post on Instagram
 

 

അതേസമയം ഈ പോസ്റ്റിന് സിനിമാപ്രേമികളുടെ പല കമന്‍റുകളും രസകരമാണ്. ഓസ്കര്‍ ആണ് തെറ്റായ സ്ഥലത്ത് ജനിച്ചത് എന്നാണ് അതിലൊന്ന്. പാശ്ചാത്യലോകത്തെ സംബന്ധിച്ചാണ് ഓസ്കര്‍ ഏറ്റവും മഹത്തരമായ പുരസ്കാരം ആവുന്നതെന്നും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെ സംബന്ധിച്ച് അല്ലെന്നുമാണ് മറ്റൊരു കമന്‍റ്.

കാലാപാനിയില്‍ മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ച ആളാണ് തബു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. ഗോവര്‍ദ്ധന്‍ മേനോന്‍റെ ഭാര്യ പാര്‍വതിക്കുട്ടിയെയാണ് തബു അവതരിപ്പിച്ചത്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രകടനത്തിനും മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News