സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു മോഹൻലാല്‍.

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന ബജറ്റിലെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്‍ത് നടൻ മോഹൻലാല്‍ രംഗത്ത് എത്തി.പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത‌, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്‍ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് മോഹൻലാല്‍ ഫേസ്‍ബുക്കില്‍ കുറിപ്പ് എഴുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിനോദസഞ്ചാരം, കല, സംസ്‌കാരം എന്നീ മേഖലകളിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ

ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.

അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: കൊച്ചിയിൽ 'ചിത്രനഗരം' സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.

സ്മാരകങ്ങളും സാംസ്കാരിക പാർക്കുകളും:

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക്.

തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി.

കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി.

ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം.

ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും.

എറണാകുളത്ത് നടൻ സലിംകുമാറിന് സ്‍മാരകം.

തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്‍മാരക മന്ദിരം.

ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്‍മാരകം.

മറ്റ് പദ്ധതികൾ: കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം നിർമ്മിക്കും. 'ബ്രാൻഡ് കേരളം' വഴി സുഗന്ധവ്യഞ്ജനങ്ങൾ, കയർ, ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങൾ എന്നിവ ബ്രാൻഡ് ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക