മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്‍ത ഒരു കലാവസ്തു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്‍റെ ആശംസ. 'അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍' എന്നും അദ്ദേഹം ഒപ്പം കുറിച്ചു.

മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പലപ്പോഴും അദ്ദേഹം അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ മാതാ അമൃതാനന്ദമയിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ചിന് ശേഷം ആരെയും അമൃതാനന്ദമയീ മഠത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

അമ്മയ്ക്ക് എൻ്റെ പിറന്നാൾ ആശംസകൾ

Posted by Mohanlal on Saturday, 26 September 2020

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ആറ് മാസത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന ശേഷം വീണ്ടും ചിത്രീകരണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണത്തില്‍ വെള്ളിയാഴ്ചയാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്.കര്‍ശനമായ കൊവിഡ് മുന്‍കരുതലുകളോടെയാണ് സിനിമയുടെ ചിത്രീകരണം. ഇതിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധനയും നടത്തിയിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ പുരോഗമിക്കുന്ന ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രീകരണം തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.