'എന്‍റെ ചെറിയ കുട്ടി വളര്‍ന്നിരിക്കുന്നു. നീ വളരുന്തോറും, നീ മനോഹരമായ വ്യക്തിത്വമായി മാറുന്നതുകണ്ട് ഞാന്‍ അഭിമാനം കൊള്ളുന്നു', മകന്‍ പ്രണവിന്‍റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച ആശംസാസന്ദേശമാണ് ഇത്. 1990 ജൂലൈ 13 ആണ് പ്രണവിന്‍റെ ജനനത്തീയതി.

ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള മാസങ്ങളില്‍ മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ്. അവിടെവച്ച് ഏറ്റവുമടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ പിറന്നാള്‍ ആഘോഷവും നടത്തി. 

അതേസമയം നീണ്ടുപോകുന്ന കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമകളുടെ കൂട്ടത്തില്‍ മോഹന്‍ലാലിന്‍റെയും പ്രണവിന്‍റെയും സിനിമകളുണ്ട്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മരക്കാര്‍' അവധിക്കാല റിലീസ് ആയി മാര്‍ച്ചില്‍ തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവും കഥാപാത്രമായി എത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'മാണ് പ്രണവിന്‍റെ പുതിയ ചിത്രം. ഇതിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ആണ് മോഹന്‍ലാലിന്‍റേതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം. 

2002ല്‍ ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സ്ക്രീനിലെത്തിയ പ്രണവ് മുതിര്‍ന്നതിനു ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനസഹായിയായി രണ്ടു സിനിമകളില്‍ സഹകരിച്ചു. പിന്നീട് ജീത്തുവിന്‍റെ തന്‍റെ 'ആദി'യിലൂടെ (2018) നായകനായി അരങ്ങേറ്റം കുറിച്ചു. പ്രണവ് നായകനായ മറ്റൊരു ചിത്രം അരുണ്‍ ഗോപി സംവിധാനം ചെയ്‍ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ്.