Asianet News MalayalamAsianet News Malayalam

'ഭീതിയൊഴിഞ്ഞ, ഐശ്വര്യദിനങ്ങള്‍ വരട്ടെ'; മോഹന്‍ലാലിന്‍റെ വിഷു ആശംസ

'നമ്മേക്കാള്‍ ദുരിതം അനുഭവിക്കുന്ന, രോഗം പടര്‍ന്ന വിദൂര ദേശങ്ങളിലെ മലയാളികള്‍ക്കും നമുക്ക് അപരിചിതരായ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥന. കണി കാണാന്‍ പുലര്‍ച്ചെ കണ്‍ തുറക്കുമ്പോള്‍ അതാവട്ടെ നമ്മുടെ മനസ്സില്‍..'

mohanlals vishu wishes
Author
Thiruvananthapuram, First Published Apr 14, 2020, 2:23 PM IST

ഭീതിയൊഴിഞ്ഞ ഐശ്വര്യ ദിനങ്ങള്‍ക്കായി ഇത്തവണ വിഷുവിന് വീട്ടിലിരിക്കാമെന്ന് മോഹന്‍ലാലിന്‍റെ വിഷു സന്ദേശം. 'വിഷു ആഘോഷിക്കേണ്ട നാം ഒരു വലിയ മഹാമാരിയെ അതിജീവിക്കാനുള്ള ജാഗ്രതയിലും പരിശ്രമത്തിലുമാണ്. ഇത്തവണ വിഷു നമുക്കെല്ലാം കാത്തിരിപ്പിന്‍റേതും പ്രാര്‍ഥനയുടേതുമാണ്. കണി കാണാന്‍ പുലര്‍ച്ചെ കണ്‍ തുറക്കുമ്പോള്‍ അതാവട്ടെ നമ്മുടെ മനസ്സില്‍', ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. 'വിഷുവെനിക്കെന്നും പ്രിയപ്പെട്ടവള്‍' എന്നാരംഭിക്കുന്ന മധുസൂദനന്‍ നായരുടെ കവിതയ്ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ വിഷു ആശംസ.

മോഹന്‍ലാലിന്‍റെ വിഷു ആശംസ

കവിയ്ക്കെന്നപോലെ എനിക്കും നിങ്ങള്‍ക്കും അത്രമേല്‍ പ്രിയപ്പെട്ട വിഷു ഇത്തവണയും പതിവു തെറ്റാതെ എത്തി. മഞ്ഞ കണിക്കൊന്നപ്പൂ ഉടുത്തൊരുങ്ങി, കണിവെള്ളരി പൊന്നണിഞ്ഞു, വിഷുപ്പക്ഷിയും പാടാന്‍ എത്തുമായിരിക്കും. എന്നാല്‍ വിഷു ആഘോഷിക്കേണ്ട നാം ഒരു വലിയ മഹാമാരിയെ അതിജീവിക്കാനുള്ള ജാഗ്രതയിലും പരിശ്രമത്തിലുമാണ്. മനസ്സുകള്‍ സങ്കടത്തിലും ആശങ്കയിലുമാണ്. മോചനത്തിന്‍റെ പ്രകാശം തേടി ഇരുട്ടിലൂടെ നാം യാത്ര തുടരുകയാണ്. ഇത്തവണ വിഷു നമുക്കെല്ലാം കാത്തിരിപ്പിന്‍റേതും പ്രാര്‍ഥനയുടേതുമാണ്. വീടിനകത്തിരിക്കുമ്പൊഴും ഈ ലോകത്തിന്‍റെ മുഴുവന്‍ സാന്ത്വനത്തിനു വേണ്ടിയുള്ള പ്രാര്‍ഥന, കാത്തിരിപ്പ്. നമ്മേക്കാള്‍ ദുരിതം അനുഭവിക്കുന്ന, രോഗം പടര്‍ന്ന വിദൂര ദേശങ്ങളിലെ മലയാളികള്‍ക്കും നമുക്ക് അപരിചിതരായ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥന. കണി കാണാന്‍ പുലര്‍ച്ചെ കണ്‍ തുറക്കുമ്പോള്‍ അതാവട്ടെ നമ്മുടെ മനസ്സില്‍. സമത്സ ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രമാവട്ടെ ചുണ്ടുകളില്‍. കണിവിളക്കിന്‍റെ പ്രകാശം കഷ്ടകാലത്തിന്‍റെ ഇരുട്ടിനെ അകറ്റട്ടെ. കാലം ഇനിയുമുരുളും. വിഷു വരും, വര്‍ഷം വരും. അപ്പോഴും ഈ ലോകം അതിന്‍റെ എല്ലാവിധ ഭംഗികളോടെയും സ്നേഹത്തോടെയും സൌഹാര്‍ദ്ദത്തോടെയും ഇവിടെ ഉണ്ടാവും. രോഗഭീതിയൊഴിഞ്ഞ, ഐശ്വര്യദിനങ്ങളാവും അന്ന് നമ്മുടെ കണിവിളക്കും കാഴ്ചയും. ഭീതിയൊഴിഞ്ഞ മുഖങ്ങളും പുഞ്ചിരികളും അപ്പോള്‍ കൊന്നപ്പൂവിനെപ്പോലെ പ്രകാശിക്കും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ആരോഗ്യപൂര്‍ണ്ണവും ഐശ്വര്യസമ്പന്നവും സമാധാനം നിറഞ്ഞതുമായ ആ വിഷുദിനങ്ങള്‍ ആഘോഷിക്കാനായി ഇത്തവണ നമുക്ക് വീട്ടിലിരിക്കാം. ആഘോഷങ്ങള്‍ മാറ്റിവെക്കാം. പ്രാര്‍ഥനയോടെ, പ്രതീക്ഷയോടെ മോഹന്‍ലാല്‍.

Follow Us:
Download App:
  • android
  • ios