നിവിൻ പോളിയെയും റോഷൻ മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'മൂത്തോൻ'. സ്വവർഗ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും കൈകാര്യം ചെയ്ത ചിത്രം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടെ, ചിത്രത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗീതു. 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ തന്റെ ഉറ്റ സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോൻ ഒരുക്കിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ​ഗീതു. എറണാകുളം ദർബാർ ഹാള്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്വീർ പ്രൈഡ് മാർച്ചിന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

‘മൂത്തോനിൽ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമാണിത്. മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ‌. നിങ്ങളോരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളത് കാണണം.’- ഗീതു പറഞ്ഞു. ശബ്ദമിടറിക്കൊണ്ടായിരുന്നു ​ഗീതു തന്റെ അനുഭവം വേദിയിൽ പങ്കുവച്ചത്. ഗീതുവിന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. എൽജിബിടിക്യു കമ്യൂണിറ്റിയുടെ പത്താമത് ക്വീർ പ്രൈഡ് മാർച്ചാണ് ഇന്നലെ എറണാകുളത്ത് നടന്നത്.

ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലും മികച്ച പ്രതികരണം നേടിയശേഷതിനുമാണ് ‘മൂത്തോൻ’ തിയറ്ററുകളിലെത്തിയത്. ലക്ഷദ്വീപിന്റെയും മുംബൈ മഹാരന​ഗരത്തിന്റെയും പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപാണ്.  മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

"

സ‍ഞ്ജന ദിപു, ദിലീഷ് പോത്തന്‍, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. സംവിധായകനും ​ഗീതു മോഹൻദാസിന്റെ ഭർത്താവുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.