ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി
കൊച്ചി: റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ. ലൈംഗികാതിക്രമം വെളിപ്പെടുത്തി നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം തേടി രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് ഈ മെയിൽ അയച്ചു. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന രണ്ടു പേരാണ് 2020-21 കാലഘട്ടത്തിൽ വേടൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് രംഗത്ത് വന്നത്.
തൃക്കാക്കര പൊലീസ് എടുത്ത കേസിന് പിന്നാലെയാണ് റാപ്പർ വേടനെതിരെ കൂടുതൽ പരാതികള്‍ ഉയരുന്നത്. ദളിത് സംഗീതത്തിൽ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണിൽ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തിയെന്നാണ് ആദ്യത്തെ പരാതി. ആദ്യം എതിർത്ത തന്നെ കടന്ന് പിടിച്ചുവെന്നും ഉപദ്രവിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം.
തന്‍റെ കലാപരിപാടികള്‍ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു ഇങ്ങോട്ട് താൽപര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടൻ, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തിൽ ഉണ്ടായതാണ്. ഇപ്പോള്‍ പരാതിയുമായി എത്തിയ രണ്ട് യുവതികളും 2021ൽ വേടനെതിരെ മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അവസരം നൽകിയാൽ ഉടൻ കാണാനാണ് രണ്ടു പേരുടെയും നീക്കം. ഒന്നിന് പുറകെ ഒന്നായി പരാതികൾ വരുന്നത് തന്നെ സംഘടിതമായി തകർക്കാനുള്ള നീക്കമാണെന്ന് നേരത്തെ തന്നെ വേടൻ ആരോപിച്ചിരുന്നു.
നേരത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.


