തിയറ്റര്‍ റിലീസുകള്‍ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് നല്ല വര്‍ഷമായിരുന്നു 2023. ബോളിവുഡ് വിജയത്തിന്‍റെ ട്രാക്കിലേക്ക് തിരിച്ചെത്തിയ വര്‍ഷം. തമിഴ് ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളില്‍ നിന്ന് വന്‍ ഹിറ്റുകള്‍ സംഭവിച്ച വര്‍ഷം. മലയാളത്തിലേക്ക് എത്തുമ്പോള്‍ മൊത്തത്തില്‍ പോസിറ്റീവ് എന്ന് പറയാനാവില്ലെങ്കിലും ശുഭകരമായ ചില ചലനങ്ങളൊക്കെ സംഭവിച്ചു എന്നത് യാഥാര്‍ഥ്യമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോര്‍ഡിന് ഒരു പുതിയ ചിത്രം ഉടമയായി എന്നതാണ് അതില്‍ ശ്രദ്ധേയം. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രമാണ് അത്. മമ്മൂട്ടിയുടെ മികച്ച തെരഞ്ഞെടുപ്പുകളും മികച്ച പ്രകടനങ്ങളിലേക്കുള്ള മോഹന്‍ലാലിന്‍റെ തിരിച്ചുവരവുമൊക്കെ കണ്ട വര്‍ഷം. ചുവടെയുള്ളത് കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട 10 സിനിമകളുടെ ലിസ്റ്റ് ആണ്. 

പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റ് ആണ് ഇത്. 2023 ലെ തിയറ്റര്‍ റിലീസുകള്‍ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. പ്രേക്ഷകരുടെ എന്‍ഗേജ്മെന്‍റിനെ ആസ്പദമാക്കിയുള്ള ലിസ്റ്റ് ആണിത്. ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനത്തേക്ക് എത്തിയ 2018 ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡും മൂന്നാമത് സര്‍പ്രൈസ് ഹിറ്റ് ആയ രോമാഞ്ചവും. ഓണത്തിന് മറ്റ് താരചിത്രങ്ങള്‍ക്കൊപ്പം വന്ന് ഹിറ്റടിച്ചുപോയ ആര്‍ഡിഎക്സ് ആണ് നാലാം സ്ഥാനത്ത്. മോഹന്‍ലാലിന്‍റെ ബോക്സ് ഓഫീസ് തിരിച്ചുവരവായി വിലയിരുത്തപ്പെട്ട ജീത്തു ജോസഫ് ചിത്രം നേര് ആണ് അഞ്ചാമത്.

രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ആറ്, ഏഴ് സ്ഥാനങ്ങളില്‍. ആറാമത് കാതലും ഏഴാമത് നന്‍പകല്‍ നേരത്ത് മയക്കവും. ഫഹദ് നായകനായ പാച്ചുവും അത്ഭുതവിളക്കുമാണ് എട്ടാമത്. സുരേഷ് ഗോപി, ബിജു മേനോന്‍ ടീമിന്‍റെ ഗരുഡന്‍ ഒന്‍പതാം സ്ഥാനത്തും ജോജു ജോര്‍ജ് ഡബിള്‍ റോളിലെത്തിയ ഇരട്ട പത്താം സ്ഥാനത്തും. 

ALSO READ : 'മസാലദോശ കിട്ടുമ്പോള്‍ ബീഫ് ആണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെ'; 'വാലിബന്‍' പ്രതികരണങ്ങളെക്കുറിച്ച് അനുരാഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം