Asianet News MalayalamAsianet News Malayalam

'ഞാനൊരു കാലഹരണപ്പെട്ട സംവിധായകനാണെന്ന് അവര്‍ ധരിച്ചിരിക്കും'; ഒഴിഞ്ഞുമാറിയ ഹിന്ദി താരങ്ങളെക്കുറിച്ച് പ്രിയന്‍

'അവരൊക്കെ താല്‍പര്യമില്ലായ്‍മയാണ് പ്രകടിപ്പിച്ചത്. നിങ്ങളുടെ മുഖത്തുനോക്കി അവരതു പറയില്ല. ഒരു നടനോട് ഒരു സിനിമയെക്കുറിച്ചു പലതവണ പറഞ്ഞാല്‍, ബഹുമാനപൂര്‍വ്വം അവര്‍ നിങ്ങളെ ഒരു കോഫിക്ക് ക്ഷണിക്കും. എന്നിട്ട് വിദഗ്‍ധമായി ഒഴിവാക്കും..'

most of the actors refused to do hungama 2 says priyadarshan
Author
Thiruvananthapuram, First Published Apr 28, 2020, 7:04 PM IST

ബോളിവുഡില്‍ തുടര്‍ വിജയങ്ങള്‍ കണ്ടെത്താനായ, തെന്നിന്ത്യയില്‍ നിന്നുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. 1992ല്‍ പുറത്തെത്തിയ 'മുസ്‍കുരാഹത്' മുതല്‍ 2013ല്‍ എത്തിയ 'രംഗ്‍രേസ്' വരെയുള്ള പ്രിയന്‍റെ ഹിന്ദി ചിത്രങ്ങളില്‍ വലിയ ബോക്സ് ഓഫീസ് വിജയങ്ങളുമുണ്ട്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് വീണ്ടുമെത്തുന്ന ചിത്രം ഹംഗാമ 2നുവേണ്ടി അഭിനേതാക്കളെ കണ്ടെത്താന്‍ താന്‍ പ്രയാസം നേരിട്ടെന്ന് പറയുന്നു പ്രിയദര്‍ശന്‍. പല പ്രമുഖ താരങ്ങളും ഒഴിഞ്ഞുമാറിയെന്നും താനൊരു കാലഹരണപ്പെട്ട സംവിധായകനാണെന്ന് ഒരുപക്ഷേ അവര്‍ക്ക് തോന്നിയിരിക്കുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇതേക്കുറിച്ചു പറയുന്നത്.

"ഞാന്‍ നേരിട്ടുപോയി കണ്ടിട്ടില്ല. പക്ഷേ ഹംഗാമ 2ന്‍റെ ആശയം ആയുഷ്‍മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര തുടങ്ങി നിരവധി നടന്മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. അവരെല്ലാം ഈ ചിത്രം നിരസിക്കുകയായിരുന്നു. ഞാനൊരു കാലഹരണപ്പെട്ട സംവിധായകനാണെന്ന് അവര്‍ കരുതിയിരിക്കും. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ബോളിവുഡിന് പുറത്തായിരുന്നല്ലോ. ഇപ്പോള്‍ മീസാന്‍ ജാഫ്രിക്കൊപ്പമാണ് ഞാന്‍ (ഹംഗാമ 2ല്‍) പ്രവര്‍ത്തിക്കുന്നത്", പ്രിയദര്‍ശന്‍ പറയുന്നു.

most of the actors refused to do hungama 2 says priyadarshan

 

അഭിനേതാക്കളോട് യാചിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മറിച്ച് തന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും പ്രിയദര്‍ശന്‍ പറയുന്നു. "അവരൊക്കെ താല്‍പര്യമില്ലായ്‍മയാണ് പ്രകടിപ്പിച്ചത്. നിങ്ങളുടെ മുഖത്തുനോക്കി അവരതു പറയില്ല. ഒരു നടനോട് ഒരു സിനിമയെക്കുറിച്ചു പലതവണ പറഞ്ഞാല്‍, ബഹുമാനപൂര്‍വ്വം അവര്‍ നിങ്ങളെ ഒരു കോഫിക്ക് ക്ഷണിക്കും. എന്നിട്ട് വിദഗ്‍ധമായി ഒഴിവാക്കും. കാരണം നിങ്ങളെ അവര്‍ വിശ്വസിക്കുന്നില്ല", പ്രിയദര്‍ശന്‍ തുടരുന്നു.

എന്നാല്‍ ഹംഗാമ 2 രൂപപ്പെട്ടുവന്നതിനെക്കുറിച്ച് തനിക്ക് സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു. "പഴയ ചിത്രത്തിന്‍റെ (ഹംഗാമ) വിഷയം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയായിരുന്നു. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും വിഷയം. പക്ഷേ കഥ വ്യത്യസ്തമാണ്". 1984ല്‍ താന്‍ മലയാളത്തില്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയാണ് ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ 2003ല്‍ ഹിന്ദിയില്‍ പുന:സൃഷ്ടിച്ചത്. പരേഷ് റാവല്‍, ഷോമ ആനന്ദ്, അക്ഷയ് ഖന്ന, അഫ്‍താബ് ശിവ്‍ദസാനി, റിമി സെന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പുതിയ ഭാഗത്തിലും പരേഷ് റാവല്‍ ഉണ്ട്. ഒപ്പം മീസാന്‍ ജാഫ്രി, ശില്‍പ ഷെട്ടി, പ്രണിത സുഭാഷ് തുടങ്ങിയവരും അഭിനയിക്കുന്നു. 12 ദിവസത്തെ ചിത്രീകരണം ബാക്കിനില്‍ക്കെ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios