മന്ദിര ബേദിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി മൗനി റോയി.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നടി മൗനി റോയിയും (Mouni Roy)സുരാജ് നമ്പ്യാരും (Suraj Nambiar)അടുത്തിടെ വിവാഹിതരായിരുന്നു. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മൗനി റോയി തന്നെ വിവാഹ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മന്ദിര ബേദിക്ക് നന്ദി പറഞ്ഞ് മൗനി റോയി രംഗത്ത് എത്തിയിരിക്കുകയാണ്.

മന്ദിര ബേദി സുരാജ് നമ്പ്യാര്‍ക്കും മൗനി റോയിക്കും വിവാഹ വിരുന്ന് ഒരുക്കിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധികളിൽ ഒന്നാണ് സുഹൃത്തുക്കൾ എന്ന് പറഞ്ഞാണ് വിരുന്നിന് എത്തിയപ്പോള്‍ എടുത്ത ഫോട്ടോ മൗനി റോയി പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ നിരാശരായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ സാന്ത്വനവുമായി എത്തും. നിങ്ങളുടെ തെറ്റുകള്‍ ഒഴിവാക്കാൻ അവര്‍ ഭയമില്ലാതെ ആവശ്യപ്പെടും.

View post on Instagram

സുഹൃത്തുക്കളെ കണ്ടെത്താൻ ഒരുപാട് പ്രയാസമായിരുന്നു, പക്ഷേ ഇത് ജീവിതകാലം മുഴുവൻ നിലനില്‍ക്കും, പ്രിയപ്പെട്ടവരെ നിങ്ങള്‍ തങ്ങളെ ക്ഷണിച്ചതിന് നന്ദി. ഭക്ഷണം തന്നതിനും താൻ നന്ദി പറയുന്നതായി മൗനി റോയി എഴുതുന്നു. മന്ദിര ബേദിക്കും ഭര്‍ത്താവ് സുരാജ് നമ്പ്യാര്‍ക്കുമൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചിരിക്കുന്നു മൗനി റോയി.

മൗനി റോയിക്കും സുരാജ് നമ്പ്യാരിനും വിവാഹാശംസകള്‍ നേര്‍ന്ന് മന്ദിര ബേദിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. കഥക് നര്‍ത്തകിയായിട്ടായിരുന്നു ആദ്യം മൗനി റോയി കലാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'റണ്‍' എന്ന സിനിമയില്‍ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 'ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്' എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയി അഭിനയിച്ചു.