'കെൽറ്റിക് ഉട്ടോപ്യ', 'നിനോ', 'ദി ബെസ്റ്റ് സമ്മർ', 'വി ആർ ദി ഓർകസ്ട്ര' എന്നീ ചിത്രങ്ങളിലൂടെ ചരിത്രവും സംസ്കാരവും സംഗീതത്തിന്‍റെ വൈവിധ്യങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നു.

ചരിത്രവും സംസ്‌കാരവും സാമൂഹിക മാറ്റങ്ങളും സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളുമായി 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ 'സൗൻഡ്സ്കേപ്പ്' വിഭാഗം. ഡെന്നിസ് ഹാർവിയും ലാർസ് ലൊവനും സംവിധാനം ചെയ്‌ത 'കെൽറ്റിക് ഉട്ടോപ്യ', വാൾട്ടർ ഫസാനോയുടെ ‘നിനോ- അൺ ഫിലിം സു നിനോ റോട്ട’, തമ്ര ഡേവിസിൻ്റെ 'ദി ബെസ്റ്റ് സമ്മർ', ഫിലിപ്പ് ബെസിയ അവതരിപ്പിക്കുന്ന 'വി ആർ ദി ഓർകസ്ട്ര' എന്നീ ചിത്രങ്ങളാണ് ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക.

ഐറിഷ് സംസ്കാരത്തെ നാടോടി സംഗീതത്തിന്റെ വൈവിധ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കെൽറ്റിക് ഉട്ടോപ്യ. ‘ദി മേരി വാലോപ്പേഴ്സ്’, ‘പൂർ ക്രീച്ചർ’, ‘ലാങ്കം’ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരും പങ്ക്, ഹിപ്-ഹോപ്പ് പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഇതിൽ അണിനിരക്കുന്നു. സംഗീത പാരമ്പര്യത്തെക്കുറിച്ചുള്ള പര്യവേക്ഷണമാണ് ‘നിനോ- അൺ ഫിലിം സു നിനോ റോട്ട’യുടെ പശ്ചാത്തലം. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ സംഗീതസംവിധായകൻ നിനോ റോട്ടയുടെ വ്യക്തിപരവും കലാപരവുമായ ലോകമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.

1995-ലെ ഐതിഹാസികമായ ‘സമ്മർസോൾട്ട്’ ടൂറിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്ന ചിത്രമാണ് അമേരിക്കൻ ‘ദി ബെസ്റ്റ് സമ്മർ’. ‘ബീസ്റ്റി ബോയ്‌സ്’, ‘സോണിക് യൂത്ത്’, ‘ഫൂ ഫൈറ്റേഴ്‌സ്’ തുടങ്ങിയ ആൾട്ടർനേറ്റീവ് റോക്ക് ഇതിഹാസങ്ങളുടെ ഊർജ്ജസ്വലതയും ആവേശവും സൗഹൃദവും ഒപ്പിയെടുക്കുകയാണ് ഈ ചിത്രം. 80 സംഗീതജ്ഞർ എങ്ങനെ ഒറ്റ സംഗീത ശരീരമായി മാറുന്നു എന്നവതരിപ്പിക്കുകയാണ്

പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ ഫിലിപ്പ് ബെസിയ സംവിധാനം ചെയ്ത ‘വി ആർ ദി ഓർക്കസ്ട്ര’ എന്ന ചിത്രത്തിലൂടെ. പാരീസ് ഓർക്കസ്ട്രയുടെ അകത്തളങ്ങളിലേക്കുള്ള യാത്രയാണ് ചിത്രം. സംഗീതം തത്സമയം രൂപം കൊള്ളുമ്പോഴുള്ള കടുത്ത വെല്ലുവിളികളെ മനോഹരമായി ചിത്രം അവതരിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming