ലൈംഗിക രംഗങ്ങള്‍, മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍ എന്നിവയാണ് സെന്‍സര്‍ ബോര്‍ഡ് പലപ്പോഴും നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്

സിനിമകളുടെ നിരോധനം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സമയമാണ് ഇത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയെച്ചൊല്ലിയുള്ള സംവാദങ്ങളാണ് ചലച്ചിത്രങ്ങളുടെ നിരോധനത്തെച്ചൊല്ലിയും ചര്‍ച്ചകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നലെയാണ് പരിഗണിച്ചത്. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പല കാരണങ്ങളാണ് ഇന്ത്യയില്‍ മുന്‍ കാലങ്ങളില്‍ നിരോധനം നേരിട്ടിട്ടുള്ള സിനിമകളുണ്ട്. ലൈംഗിക രംഗങ്ങള്‍, മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമകള്‍ രാജ്യത്ത് നിരോധനം നേരിട്ടിട്ടുള്ളത്. അക്കാരണം കൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ അതാത് സമയത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളവയുമാണ്. ഇന്ത്യയില്‍ പല കാലങ്ങളിലായി നിരോധനം നേരിട്ടിട്ടുള്ള 12 ചിത്രങ്ങള്‍ പരിചയപ്പെടാം.

1. ബണ്ഡിറ്റ് ക്യൂന്‍

ശേഖര്‍ കപൂറിന്‍റെ സംവിധാനത്തില്‍ 1996 ല്‍ തയ്യാറായ ചിത്രം. ലൈംഗിക രംഗങ്ങളുടെ അതിപ്രസരം, നഗ്നത, കടുത്ത ഭാഷാപ്രയോഗങ്ങള്‍ എന്നിവയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സിബിഎഫ്സി നിരത്തിയ കാരണങ്ങള്‍.

2. ഫയര്‍

ദീപ മെഹ്തയുടെ സംവിധാനത്തില്‍ 1998 ല്‍ തയ്യാറായ ചിത്രം. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള ലെസ്ബിയന്‍ ബന്ധത്തിന്‍റെ കഥ പറഞ്ഞ ചിത്രമാണ് ഇത്. കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷബാന അസ്മിക്കും നന്ദിത ദാസിനും സംവിധായിക ദീപ മെഹ്തയ്ക്കുമെതിരെ വധഭീഷണികള്‍ വരെ ഉയര്‍ന്നിരുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രതിഷേധങ്ങള്‍ കടുത്തതോടെ പിന്‍വലിക്കപ്പെടുകയായിരുന്നു. എന്നാല്‍ 1999 ല്‍ കട്ടുകളൊന്നുമില്ലാതെ ചിത്രം വീണ്ടും റിലീസ് ചെയ്യപ്പെട്ടു.

3. കാമസൂത്ര- എ ടെയില്‍ ഓഫ് ലവ്

16-ാം നൂറ്റാണ്ടിലെ നാല് പ്രണയിതാക്കളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം ലൈംഗിക ഉള്ളടക്കത്തിന്‍റെ പേരിലാണ് നിരോധിക്കപ്പെട്ടത്. മീര നായര്‍ സംവിധാനം ചെയ്ത ചിത്രം 1997 ലാണ് തയ്യാറായത്.

4. പാഞ്ച്

ജോഷി- അഭ്യാങ്കര്‍ പരമ്പര കൊലപാതങ്ങളെ ആസ്പദമാക്കി 1997 ല്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം. കടുത്ത ഭാഷാപ്രയോഗങ്ങള്‍, മയക്കുമരുന്ന് ഉപയോഗത്തിന്‍റെ ചിത്രീകരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചത്.

5. ബ്ലാക്ക് ഫ്രൈഡേ

മുംബൈ സ്ഫോടനങ്ങളെക്കുറിച്ച് ഹുസൈന്‍ സൈദി എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ അധികരിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം. വളരെ ഇരുണ്ട ചിത്രമെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സിനിമയ്ക്ക് സ്റ്റേ ഓര്‍ഡര്‍ നല്‍കിയത് ബോംബെ ഹൈക്കോടതി ആയിരുന്നു. 

6. ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റൂ

ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം. ലൈംഗികാതിക്രമങ്ങളുടെ ചിത്രീകരണം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് എതിരഭിപ്രായം ഉന്നയിച്ചത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാന്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് പറഞ്ഞെങ്കിലും സംവിധായകന്‍ അതിന് തയ്യാറായില്ല.

7. പര്‍സാനിയ

ഗുജറാത്ത് കലാപം പശ്ചാത്തലമാക്കിയ ചിത്രത്തിന് ഔദ്യോഗികമായ നിരോധനമൊന്നും നേരിട്ടിരുന്നില്ല. ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാല്‍ ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പില്‍ തിയറ്റര്‍ ഉടമകള്‍ക്ക് ചിത്രത്തിന്‍റെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്ത ചിത്രം എത്തിയക് 2005 ല്‍ ആയിരുന്നു.

8. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ

നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെ സ്ത്രീ ലൈംഗികതയെക്കുറിച്ച് പറഞ്ഞ ചിത്രം അത്തരം രംഗങ്ങളുടെ പേരിലാണ് നിരോധനം നേരിട്ടത്. അലംകൃത ശ്രീവാസ്തവ ആയിരുന്നു സംവിധാനം. 2016 ല്‍ എത്തിയ ചിത്രം.

9. അണ്‍ഫ്രീഡം

മതതീവ്രവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ലെസ്ബിയന്‍ പ്രണയകഥ പറഞ്ഞ ത്രില്ലര്‍ ആയിരുന്നു ഈ ചിത്രം. ലൈംഗികതയുടെ അതിപ്രസരം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. രാജ് അമിത്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2014 ലാണ് എത്തിയത്.

10. ഇന്ത്യാസ് ഡോട്ടര്‍

ദില്ലി കൂട്ടബലാല്‍സംഗം വിഷയമാക്കിയ ടെലിവിഷന്‍ ഡോക്യുമെന്‍ററി. സംഭവത്തിന്‍റെ സാമൂഹികതലങ്ങള്‍ വിശദീകരിക്കുന്ന കൂട്ടത്തില്‍ ചില ന്യായീകരണവാദങ്ങളുമുണ്ടെന്നും അത് സമൂഹത്തില്‍ നിന്ന് കടുത്ത പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ചിത്രം നിരോധിച്ചത്. യുട്യൂബില്‍ ആദ്യം അപ്‍ലോഡ് ചെയ്യപ്പെട്ട ഡോക്യുമെന്‍ററി പിന്നീട് നീക്കം ചെയ്യപ്പെട്ടു.

11. ഫിഫ്റ്റ് ഷേഡ്സ് ഓഫ് ഗ്രേ

സാം ടെയ്ലര്‍- ജോണ്‍സണ്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം. ലൈംഗിക രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്.

12. മൊഹല്ലാ അസി

വരാണസി എന്ന തീര്‍ഥാടന കേന്ദ്രത്തിന്‍റെ വിപണിവല്‍ക്കരണം പ്രമേയമാക്കിയ ചിത്രം സംവിധാനം ചെയ്തത് ചന്ദ്രപ്രകാശ് ദ്വിവേദി ആയിരുന്നു. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സന്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ പിന്നീട് ദില്ലി ഹൈക്കോടതി ഒരു കട്ടോടെയും എ സര്‍ട്ടിഫിക്കറ്റോടെയും ചിത്രത്തിന് അനുമതി നല്‍കി.

ALSO READ : തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചുവിളിച്ച് ഫഹദ്; 'പാച്ചുവും അത്ഭുതവിളക്കും' 4 ദിവസത്തില്‍ നേടിയത്