യുവയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മൃദുല.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയായ താരമാണ് മൃദുല വിജയ്. സിനിമയിലാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധയാകര്‍ഷിച്ചത് സീരിയലുകളിലൂടെയാണ്. ഷോകളിലൂടെയും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. ഭർത്താവ് യുവ കൃഷ്‍ണയും സീരിയൽ രംഗത്ത് തിളങ്ങിനില്‍ക്കുന്ന നടനാണ്. ധ്വനി കൃഷ്‍ണ എന്ന മകളാണ് ഈ താര ദമ്പതിമാര്‍ക്കുള്ളത്. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുള്ളതിനാലും പ്രേക്ഷകര്‍ക്ക് ഇവരോട് പ്രത്യേക അടുപ്പമുണ്ട്. ഇപ്പോഴിതാ യുവയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മൃദുല.

''എന്റെ പ്രണയത്തിന് പിറന്നാൾ ആശംസകൾ... എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ശാന്തനായ, ഏറ്റവും കൂൾ ആയ വ്യക്തി. എന്റെ തീരുമാനങ്ങളോട് ഒരിക്കലും 'നോ' പറയാതെ അതിനെ എപ്പോഴും സ്നേഹത്തോടെയും ക്ഷമയോടെയും പിന്തുണക്കുന്നയാൾ. എന്നെ കേൾക്കുന്നതിനും എപ്പോഴും എനിക്കൊപ്പം ആയിരിക്കുന്നതിനും നന്ദി ഏട്ടാ... സ്നേഹവും സന്തോഷവും നിറഞ്ഞ പിറന്നാൾ നേരുന്നു.. അർഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ സാധിക്കട്ടെ.. എപ്പോഴും സ്നേഹം മാത്രം'', എന്നാണ് യുവക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''താങ്ക് യു മൈ ലവ്'', എന്നാണ് മൃദുലയുടെ പിറന്നാൾ ആശംസക്കു താഴെ യുവ കൃഷ്‍ണ കമന്റ് ചെയ്തിരിക്കുന്നത്. മറ്റു നിരവധിയാളുകളും കമന്റ് ബോക്സിൽ യുവക്ക് പിറന്നാളാശംസകൾ നേരുന്നുണ്ട്.

2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍.. സഹോദരി പാര്‍വതിയും ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇരുവരും ചേർന്ന് ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും അടുത്തിടെ ആരംഭിച്ചിരുന്നു. സംഗീത-നൃത്ത അധ്യാപികയായ കൃഷ്‍ണവേണിയാണ് യുവയുടെ അമ്മ. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്‍ണ പ്രേക്ഷക പ്രീതി നേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക