ഹൃത്വിക് റോഷൻ നായകനായ സൂപ്പര്‍ 30 പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിച്ചിരിക്കുന്നത്. ഹൃത്വിക് റോഷനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക മൃണാള്‍ താക്കൂര്‍.

താങ്കളാണ് എന്റെ സൂപ്പര്‍ ഹീറോ. താങ്കള്‍ എനിക്ക് ഒരുപാട് പ്രചോദനമാണ്. സ്ക്രീനില്‍ താങ്കള്‍ കാണിച്ച മാജിക് അനുഭവിക്കാൻ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവതിയാണ്. അത്രയ്‍ക്കും മികച്ച പ്രകടനമാണ്. താങ്കളുടെ ഒരു വലിയ ആരാധികയാണ് ഞാൻ- മൃണാള്‍ താക്കൂര്‍ സാമൂഹ്യമാധ്യമത്തില്‍ പറയുന്നു.

സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. അക്കഥയാണ് ചിത്രം പറയുന്നത്. തന്റെ ജീവിതകഥ സിനിമ സിനിമയാകുന്നത് വലിയൊരു അനുഭവമാണ് എന്നാണ് ആനന്ദ് കുമാറും പറഞ്ഞത്.

സിനിമയ്‍ക്കായി ഹൃത്വിക് റോഷൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ആനന്ദ് കുമാര്‍ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ല. വലിയ പ്രതിഭയുളള നടനാണ് അദ്ദേഹം. തുടക്കത്തില്‍, 150 മണിക്കൂറുകളോളം ഉള്ള എന്റെ വീഡിയോ  അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനയുളള പ്രവര്‍ത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്റ്റൈല്‍, എന്റെ അധ്യാപന രീതി, അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനു ശേഷം അഞ്ചോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്‍ച നടത്തി. അത് മണിക്കൂറുകളോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്‍ച ആറ് മണിക്കൂറോളം നീണ്ടു. ഒരു തവണ എന്നെ യാത്രയാക്കാൻ വന്നപ്പോള്‍ അദ്ദേഹം നഗ്നപാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്. ഞാനുമായുള്ള കൂടിക്കാഴ്‍ചയില്‍ അത്രത്തോളം മുഴുകിയിരുന്നു അദ്ദേഹം- ആനന്ദ് കുമാര്‍ പറയുന്നു.

വലിയൊരു അനുഭവമാണ്. ബിഹാറിനെ കുറിച്ചുള്ള ചില സിനിമകള്‍ കാരണം ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ 30 കാണിക്കുന്നത് അങ്ങനെയല്ല. ബിഹാറിലെ സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമൊക്കെയാണ്. ഞങ്ങള്‍ക്ക് അത് വലിയ സന്തോഷം പകരുന്നു- ആനന്ദ് കുമാര്‍ പറയുന്നു. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.