പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർക്ക് രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനവും നൽകിയിരുന്നു. 


ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വേറിട്ട ദൃശ്യാനുഭവമായി ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷൻ 4x4 മഡ് റേസിംഗ് സിനിമ 'മഡ്ഡി' അണിയറയിൽ ഒരുങ്ങുന്നു. ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശമുണർത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോ. പ്രഗഭലാണ്. പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രത്തിൽ നായക, നായിക കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്.


മഡ് റേസിംഗിനെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. കായിക രംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പ്രഗഭൽ. അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ. പ്രധാനകഥാപാത്രങ്ങൾക്ക് പിന്നിൽ യഥാർത്ഥ റേസർമാരും അണിനിരക്കുന്നുണ്ട്. യഥാർത്ഥ മഡ് റേസ് അന്തരീക്ഷം ലഭിക്കാൻ പ്രഗഭൽ സിനിമയിൽ വിലയേറിയ പരിഷ്കരിച്ച വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷനു ചുറ്റമുളള ആളുകൾക്ക് യഥാർത്ഥ ഓഫ് റോഡ് 4X4 റേസ് എന്താണെന്ന് മനസ്സിലാക്കാൻ രണ്ട് ദിവസത്തേക്ക് ഒരു മഡ് റേസ് ഈവന്റ് നടത്തിയിരുന്നു. ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. റേസിംഗിന് പ്രാധാന്യം നൽകുന്നതിനൊപ്പം തന്നെ മികച്ച ത്രില്ലർ അനുഭവമായിരിക്കും ചിത്രം തരുകയെന്നും സംവിധായകൻ പറയുന്നു.


കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തരംഗമായ രവി ബാസുർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷാണ് എഡിറ്റിംഗ്. ഡോ. പ്രഗഭൽ ആണ് രചനയും മഡ് റെയ്സ് കോറിയോഗ്രഫിയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കെ.ജി. രതീഷിന്റേതാണ് ക്യാമറ. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, ഗിന്നസ് മനോജ്‌, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നാളെ റിലീസ് ചെയ്യും.