സാമ്രാജ്യം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമാണ് സിയാസ് ആദ്യം ഡിജിറ്റൽ രൂപത്തിലാക്കിയത്. 

മ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ താരത്തിന്റെ ആരാധകർ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. വിവിധ തരത്തിലുള്ള മമ്മൂട്ടി ഭാവങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിറഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ പ്രിയ താരത്തിന്റെ സുവര്‍ണജൂബിലി ആഘോഷമാക്കുകയാണ് ആരാധകനായ മുഹമ്മദ് സിയാസ്. മമ്മൂട്ടിയുടെ 50 ഡിജിറ്റല്‍ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം രൂപകല്‍പന ചെയ്താണ് സിയാസ് മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ 50 വര്‍ഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നത്.

'പകര്‍ന്നാട്ടങ്ങളിലെ മമ്മൂട്ടിസം'എന്ന പേരിലാണ് പുസ്തകമൊരുക്കിയിരിക്കുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ബഹദൂറിനൊപ്പം ആള്‍ക്കൂട്ടത്തിലേക്ക് ഓടിവന്ന് നില്‍ക്കുന്ന പൊടിമീശക്കാരന്‍ മുതല്‍ വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും ഇന്‍സ്പെക്ടര്‍ ബല്‍റാമും തുടങ്ങി മമ്മൂട്ടിയുടെ വ്യത്യസ്തമായ പകർന്നാട്ടങ്ങളാണ് സിയാസ് ഒരുക്കിയിട്ടുള്ളത്.

എക്സിബിഷനായി നടത്താനായിരുന്നു സിയാസിന്റെ ആദ്യ പ്ലാൻ. എന്നാൽ, കൊവിഡ് കാരണം അത് പുസ്തക രൂപത്തിൽ ആകുകയായിരുന്നു. ചിത്രങ്ങൾ മാത്രമല്ല, ആ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമുള്ള ചെറു വിവരണവും ഓൺലൈൻ മാധ്യമപ്രവർത്തകൻ കൂടിയായ സിയാസ്, പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



"ഓഗസ്റ്റ് തുടക്കത്തിൽ എക്സിബിഷൻ പോലെ നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കൊവിഡ് കാരണം അതിന് സാധിച്ചില്ല. പിന്നെയാണ് ചിത്രങ്ങൾ എല്ലാം ചേർത്ത് വച്ച് പുസ്തകമാക്കാം എന്ന് തീരുമാനിക്കുന്നത്. ഒരു വർഷത്തെ പ്രയത്നം കൂടിയാണ് ഈ പുസ്തകം. തുടക്കത്തിൽ പ്ലാനിംഗ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആദ്യം അഞ്ച് ചിത്രങ്ങൾ വരച്ചു. പിന്നീട് എക്സിബിഷന് വേണ്ടി വരയ്ക്കാൻ തുടങ്ങുക ആയിരുന്നു" സിയാസ് പറയുന്നു.

നാന്നൂറിലേറെ ചിത്രങ്ങൾ അവതരിപ്പിച്ച മമ്മൂട്ടി കഥാപാത്രങ്ങളെ അമ്പതിലേക്ക് ഒതുക്കുക എന്നത് വലിയ ടാസ്ക് ആയിരുന്നുവെന്ന് സിയാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. "വലിയൊരു ടാസ്ക് ആയിരുന്നു അത്. തിരക്കഥാകൃത്തായ എന്റെ സുഹൃത്തിന്റെ ഹെൽപ്പ് ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് കഥാപാത്രങ്ങളുടെ ലിസ്റ്റ് ഇട്ടത്. ആദ്യം നൂറ് കഥാപാത്രങ്ങളുടെ ലിസ്റ്റിട്ടു. അതിൽ നിന്നും അറുപത്തി അഞ്ചിലേക്കും പിന്നെ അമ്പതിലേക്കും എത്തുകയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം" സിയാസ് പറയുന്നു.

സാമ്രാജ്യം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമാണ് സിയാസ് ആദ്യം ഡിജിറ്റൽ രൂപത്തിലാക്കിയത്. പാലേരി മാണിക്യത്തിലെ മൂന്ന് കഥാപാത്രങ്ങളെ വരയ്ക്കാനായിരുന്നു കൂടുതൽ സമയവും പ്രയത്നവും വേണ്ടിവന്നത്. മമ്മൂട്ടി ആരാധകൻ കൂടിയായ സിയാസിന്, തന്റെ കലാവിരുത് പ്രിയതാരത്തിന്റെ കൈകളിൽ എത്തിക്കണമെന്നാണ് ആഗ്രഹം. നേരിട്ട് കൊടുക്കാൻ സാധിച്ചാൽ അത്രയും നല്ലത്. ഇതിന് വേണ്ടി ഫിലിം കോർഡിനേറ്റ്സുമായി ബന്ധപ്പെട്ടിട്ടുണ്ട്. നടക്കുമോ എന്ന് അറിയില്ലെന്നും സിയാസ് പറഞ്ഞു നിർത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona