ഒരുകാലത്ത് ശ്രദ്ധേയമായ ടെലിവിഷൻ കഥാപാത്രമായിരുന്നു മുകേഷ് ഖന്നയുടെ ശക്തിമാൻ. ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിലെ കഥാപാത്രം എല്ലാത്തരം ജനങ്ങളെയും ആകര്‍ഷിച്ചിരുന്നു. ശക്തിമാന്റെ വേഷത്തില്‍ മലയാളി നടൻ മുകേഷിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലായിരുന്നു മുകേഷ് ശക്തിമാന്റെ വേഷത്തിലുള്ളത്. ചിത്രത്തിലെ ഫോട്ടോകള്‍ ഒമര്‍ ലുലു തന്നെയാണ് പുറത്തുവിട്ടത്. ഇതിനെതിരെയാണ് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രംഗത്ത് എത്തിയിരിക്കുന്നത്.  തനിക്കു കോപ്പിറൈറ്റുള്ള ‘ശക്തിമാൻ’ കഥാപാത്രത്തെ ധമാക്ക സിനിമയിൽ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നുമാണ് മുകേഷ് ഖന്നയുടെ ആവശ്യം. അനുമതിയില്ലാതെയാണ് കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും  ഫെഫ്‍ക  ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രണ്‍ജി പണിക്കർക്ക് അയച്ച പരാതിയിൽ മുകേഷ് ഖന്ന പറയുന്നു. ശക്തിമാൻ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും  മുകേഷ് ഖന്ന പറയുന്നു. എന്നാല്‍  ചില രംഗങ്ങളിൽ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചിരിക്കുന്നത്. അനുമതി ലഭിച്ചില്ലെങ്കിൽ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങൾ ഒഴിവാക്കുമെന്നും ഒമർ ലുലു പറയുന്നു.