ഴിഞ്ഞ ദിവസമാണ് സ്ത്രീവിരുദ്ധ പരാമർശവുമായി ബോളിവുഡ് നടൻ മുകേഷ് ഖന്ന രം​ഗത്തെത്തിയത്. വീട്ടിലെ ജോലികള്‍ മാത്രം ചെയ്യേണ്ട സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതാണ് മീടൂ പോലുള്ള ക്യാംപെയിന്‍ തുടങ്ങാന്‍ കാരണമെന്നായിരുന്നു മുകേഷ് ഖന്ന പറഞ്ഞത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് മുകേഷ് ഖന്ന നേരിട്ടത്. വിഷയം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. 

സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് എതിരല്ലെന്നും മീടൂവിന്റെ തുടക്കത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും മുകേഷ് ഖന്ന പറയുന്നു. വീഡിയോയുടെ ഒരുഭാ​ഗം കട്ട് ചെയ്ത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിവാദത്തിന് കാരണമായ ഇന്റര്‍വ്യൂവിന്റെ പൂര്‍ണരൂപവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

മുകേഷ് ഖന്നയുടെ വാക്കുകൾ

സ്ത്രീകൾ ജോലി ചെയ്യുന്നതിൽ ഞാൻ എതിരല്ല. മീടൂ എങ്ങനെയാണ് തുടങ്ങിയതെന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, ശൂന്യാകാശത്തുവരെ സ്ത്രീകള്‍ എത്തി. പിന്നെ എങ്ങനെയാണ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഞാൻ എതിരാവുക. വീടിന് പുറത്തുപോയി സ്ത്രീകൾ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തേണ്ട അവസ്ഥ വരുന്നതുപോലെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്ന് പോകുന്ന സ്ത്രീകളുടേയും പുരുഷന്റേയും ധര്‍മത്തെ പറ്റിയാണ് പറഞ്ഞത്.

സ്ത്രീകൾ പുറത്തു പോയത് കൊണ്ടാണ് മീടൂ നടക്കുന്നതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു വര്‍ഷം മുന്‍പ് എടുത്ത വീഡിയോയില്‍ ജോലികളുടെ ജോലി സ്ഥലത്തെ സുരക്ഷയെ പറ്റിയാണ് പറഞ്ഞത്. പിന്നെ ഇപ്പോള്‍ എങ്ങനെയാണ് അത്തരത്തില്‍ പറയാനാവുക. എന്റെ പരാമര്‍ശത്തെ നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കരുത്. 

Read More: പ്രശ്നങ്ങള്‍ ആരംഭിച്ചത് സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി 'ശക്തിമാന്‍'

എന്റെ പ്രസ്താവന വളരെ തെറ്റായി എടുക്കുന്നതിൽ ഞാൻ ശരിക്കും ആശ്ചര്യപ്പെടുകയാണ്. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എല്ലാ ബലാത്സംഗ കേസുകൾക്കെതിരെയും ഞാൻ സംസാരിച്ചു. വർഷങ്ങൾ നീണ്ട എന്റെ സിനിമ ജീവിതം തെളിയിക്കുന്നുണ്ട് ഞാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനം. എന്റെ പരാമര്‍ശത്തിൽ ഏതെങ്കിലും സ്ത്രീകള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. സ്ത്രീകൾ എനിക്ക് നേരെ തിരിയുമെന്ന് ഞാൻ ഭയക്കുന്നില്ല. ഇതിന്റെ കാര്യവും ഇല്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഞാന്‍ എങ്ങനെയാണ് ജീവിച്ചതെന്നും ഇപ്പോഴെങ്ങനെയാണ് ജീവിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം.