കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസി മലയാളികളോട് ഫോണില്‍ സുഖവിവരം തിരക്കുന്നതിന്‍റെ വീഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വലിയൊരു വിഭാഗം പരിഹാസ രൂപേണയാണ് ഈ വീഡിയോ ഷെയര്‍ ചെയ്‍തത്. ഒട്ടനേകം ട്രോളുകളും ഈ വിഷയത്തില്‍ പുറത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഫോണ്‍ വിളിയെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ് അഭിനേതാവും എംഎല്‍എയുമായ മുകേഷ്.

താന്‍ നായകനായ ശിപായി ലഹള എന്ന ചിത്രത്തിലെ ഒരു നര്‍മ്മരംഗത്തിന്‍റെ വീഡിയോ ക്ലിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മുകേഷ്. രാജേന്ദ്രന്‍ എന്നാണ് ചിത്രത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. മകനെ കാണാന്‍ നഗരത്തിലെത്തുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ താന്‍ വമ്പന്‍ കമ്പനിയുടെ ഉടമയാണെന്ന് ചമയുകയാണ് രാജേന്ദ്രന്‍. അവര്‍ കാണ്‍കെ രാജേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പൊട്ടിച്ചിരി ഉണര്‍ത്തുന്നതാണ്. 

'ആ കപ്പല്‍ ലണ്ടനിലോട്ട് വിട്. മറ്റേ കപ്പല്‍ അമേരിക്കയില്‍ തന്നെ നില്‍ക്കട്ടെ. ഞാന്‍ പറഞ്ഞിട്ട് വിട്ടാല്‍ മതി. 27 കോടി രൂപയില്‍ ഒരു ചില്ലിക്കാശ് ഞാന്‍ കുറയ്ക്കൂല. ആ ജപ്പാന്‍കാരോട് അവിടെ അടങ്ങിയിരിക്കാന്‍ പറ..', എന്നിങ്ങനെയാണ് മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ നീണ്ടുപോകുന്ന സംഭാഷണം. ഈ ചിത്രം ഏതാണെന്ന് കണ്ടെത്താന്‍ ആവശ്യപ്പെടുന്ന മുകേഷ് നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ലെന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.