അണ്‍ലോക്ക് 5.0-യില്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് രാജ്യത്തെ മള്‍ട്ടിപ്ലെക്സുകളുടെ സംഘടനയായ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമാപ്രേമികളും സിനിമാപ്രദര്‍ശനശാലകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും മുഴുവന്‍ ചലച്ചിത്രമേഖലയും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അസോസിയേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാജ്യത്തെ സിനിമാസ്വാദകര്‍ക്ക് സിനിമാ ഹാളുകളില്‍ സുരക്ഷിതമായ കാഴ്ചയൊരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ് സാഹചര്യത്തില്‍ കാണികളുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും സംഘടന പറയുന്നു. തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനായി ഇനി അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണ് ആവശ്യമെന്നും അത് അടിയന്തിരമായി ലഭ്യമാക്കുന്നത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പരാധീനതയില്‍ നിന്ന് തീയേറ്റര്‍ വ്യവസായത്തിന് കരകയറാനുള്ള സാഹചര്യമൊരുക്കുമെന്നും സംഘടന പറയുന്നു. 

നേരത്തെ അണ്‍ലോക്ക് 3.0യില്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. അതേസമയം അനുമതി ലഭിച്ചാലും കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ നിലപാടെടുത്തിരിക്കുകയാണ്. വിനോദ നികുതി ഒഴിവാക്കുക,  ജിഎസ്‍ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഫിലിം ചേംബർ തീരുമാനം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.