രാജീവ് പിള്ളയില്ലാതെ ഇറങ്ങിയ കേരള ടീമില്‍ ആന്റണി വര്‍ഗീസ് ബൗളിംഗില്‍ തിളങ്ങി.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുബൈ ഹീറോസിന് ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ താരങ്ങള്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് ആദ്യ 10 ഓവറില്‍ 116 റണ്‍സ് എടുത്തത്. മുംബൈ ഹീറോസിന്റെ ഓപ്പണര്‍ സാഖിബ് സലീം ആണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. സെലിബ്രിറ്റി ക്രിക്കറ്റില്‍ സീസണില്‍ കേരള ടീമില്‍ ആദ്യമായി ഇറങ്ങിയ ആന്റണി വര്‍ഗീസ് രണ്ട് വിക്കറ്റ് എടുത്തു.

കാര്യവട്ടത്ത് വൻ സ്‍കോര്‍ ലക്ഷ്യമിട്ട ബോളിവുഡിന്റെ ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍ വീണു. രണ്ട് ഫോര്‍ ഉള്‍പ്പടെ ഒമ്പത് റണ്‍സ് എടുത്ത ഓപ്പണര്‍ സാമിര്‍ കൊച്ചാറിനെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിനു മോഹൻ പ്രശാന്ത് അലക്സാണ്ടറുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സാഖിബ് രാജ ഭെര്‍വാനിയെ അഞ്ചാമമത്തെ ഓവറിന്റെ മൂന്നാം പന്തില്‍ ഉണ്ണി മുകുന്ദൻ റണ്‍ ഔട്ടാക്കി. നാലാമനായി ഇറങ്ങിയ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് വിവേക് ഗോപന് ആണ്. മണിക്കുട്ടൻ ക്യാച്ച് എടുക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ ബാറ്റ് വീശിയ സാഖിബ് സലീമിനെ ആറാമത്തെ ഓവറിന്റെ അവസാന പന്തില്‍ സൈജു കുറുപ്പ് വിവേക് ഗോപന്റെ കൈകളിലെത്തിച്ചു. 18 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 41 റണ്‍സായിരുന്നു സാഖിബിന്റെ സമ്പാദ്യം. 13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അപൂര്‍വ ലഖിയയാണ് മുംബൈയെ പിന്നീട് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ കൂറ്റനടിക്ക് മുംബൈ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആന്റണി വര്‍ഗീസ് എറിഞ്ഞ ഓവറില്‍ ആദ്യം ശരദ് കേല്‍ക്കറിനെ ബൗണ്ടറി ലൈനിനരികെ വെച്ച് ഉണ്ണി മുകുന്ദൻ ക്യാച്ച് എടുത്തു. അതേ ഓവറില്‍ അഫ്‍താബിനെ ആന്റണി വര്‍ഗീസ് വിക്കറ്റിനു മുന്നില്‍ കുടുക്കി. മാധവിനെ ആന്റണി തന്നെ റണ്‍ ഔട്ട് ആക്കുകയും ചെയ്‍തു. റിതേഷ് ദേശ്‍മുഖ് റണ്ണൊന്നും എടുത്തില്ല.

ആന്റണി പെപ്പെ രണ്ട് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് എടുത്തത്. സൈജു കുറുപ്പ് രണ്ട് ഓവര്‍ എറിഞ്ഞ് 24 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. വിനു മോഹൻ ഒരു ഓവര്‍ എറിഞ്ഞ് 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വിവേക് ഗോപൻ രണ്ട് ഓവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഓവര്‍ എറിഞ്ഞ മണിക്കുട്ടന് വിക്കറ്റൊന്നും നേടാനായില്ല.

കേരള സ്‍ട്രൈക്കേഴ്‍സിനു വേണ്ടി സൈജു കുറുപ്പും ആന്റണി പെപ്പെയും ഇന്ന് ആദ്യമായി മത്സരത്തിനിറങ്ങി. ഉണ്ണി മുകുന്ദൻ, ജീൻ ലാല്‍, അര്‍ജുൻ നന്ദകുമാര്‍, സിദ്ധാര്‍ഥ് മേനോൻ, മണിക്കുട്ടൻ, വിവേക് ഗോപൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടര്‍, കലാഭവൻ പ്രജോദ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍. റിതേഷ് ദേശ്‍മുഖ് നായകനായ മുംബൈ ടീമില്‍ മാധവ്, ഫ്രെഡ്ഡി റിതേഷ്, അഫ്‍താബ്, സാഖിബ് സലീം, ഷബ്ബിര്‍, രാഝ ഭേര്‍വാനി, ശരദ് കേല്‍കര്‍, അപൂര്‍വ ലഖിയ, സമിര്‍ ഖൊച്ചാര്‍, നവദീപ് തോമര്‍ എന്നിവരാണ് അംഗങ്ങള്‍. കുഞ്ചാക്കോ ബോബൻ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായിട്ടാണ് കേരള സ്‍ട്രൈക്കേഴ്‍സിന് ഒപ്പമുള്ളത്. ഉണ്ണി മുകുന്ദൻ തന്നെയാണ് കേരള ടീമിന്റെ പ്ലേയിംഗ് ക്യാപ്റ്റൻ.

Read More: ഞെട്ടിക്കാൻ 'മാവീരൻ', ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ വീഡിയോ പുറത്ത്