പ്രേക്ഷകരില്‍ ആകാംക്ഷയേറ്റിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 2ന്‍റേത്. മലയാളസിനിമയുടെ വിപണിമൂല്യം വര്‍ധിപ്പിച്ച ഒരു ജനപ്രിയചിത്രത്തിന്‍റെ, ഏഴ് വര്‍ഷത്തിന് ശേഷം വരുന്ന രണ്ടാംഭാഗം എന്ന നിലയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷകളാണ് സംവിധായകന്‍ ജീത്തു ജോസഫിന് നിറവേറ്റാനുള്ളത്. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ഇതില്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പ് മേക്കപ്പ്മാന്‍റെ മുന്നിലിരിക്കുന്ന തന്‍റെ ചിത്രം മുരളി ഗോപി ഇന്ന് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ ഇതേക്കുറിച്ചുള്ള ആരാധകരുടെ ചര്‍ച്ചകളും ആരംഭിച്ചു.

കഥാപാത്രത്തെക്കുറിച്ച് ഒരു വാക്ക് പോലും മുരളി ഗോപി കുറിച്ചിട്ടില്ലെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത് ഒരു പൊലീസ് കഥാപാത്രത്തെ ആവുമെന്ന് അനുമാനിക്കുകയാണ് ആരാധകരില്‍ ഭൂരിഭാഗവും. ചിത്രത്തില്‍ മുരളി ഗോപി ധരിച്ചിരിക്കുന്ന പാന്‍റ്സ് ആണ് അതിനു കാരണം. കാക്കി നിറത്തിലുള്ള പാന്‍റ്സ് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ദൃശ്യം 2ല്‍ പഴയ കേസ് കുത്തിപ്പൊക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരിക്കും ഇതെന്നും ആദ്യഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച 'സഹദേവനെ'പ്പോലെ ആയിരിക്കും ഈ കഥാപാത്രമെന്നുമൊക്കെ ആരാധകര്‍ അനുമാനിക്കുന്നു. 

ദൃശ്യം സെറ്റിലേക്ക് പോകുന്നതിന് മുന്‍പുള്ള തങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ ആശ ശരത്തും മീനയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് ഷെഡ്യൂള്‍. ഷൂട്ടിംഗ് ആരംഭിച്ചാല്‍ പുറത്തുനിന്ന് ആരും കയറാതെ അടച്ചിടേണ്ടതിനാല്‍ മുഴുവന്‍ താരങ്ങളും ആദ്യദിനം മുതല്‍ ക്രൂവിനൊപ്പമുണ്ട്. "ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്ക് ആണ്", ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.