പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച ജാമിയ മിലിയ വിദ്യാര്‍ഥിനി അയ്ഷ റെന്നയെ തടഞ്ഞ സിപിഎം പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് മുരളി ഗോപി. ഇതുതന്നെയാണ് അസഹിഷ്ണുതയെന്നും അസഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അസാധ്യമാണെന്നും മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

മുരളി ഗോപിയുടെ പ്രതികരണം

"അയ്ഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസാധ്യവും ആണ്."

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലപ്പുറം കൊണ്ടോട്ടിയില്‍ നടന്ന പരിപാടിയിലെ അയ്ഷ റെന്നയുടെ പ്രസംഗമാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നുവെന്ന് അയ്ഷ പറഞ്ഞിരുന്നു. തുടര്‍ന്ന് അയ്ഷയെ തടഞ്ഞ് മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകര്‍ അവര്‍ മാപ്പ് പറഞ്ഞേ വേദി വിടാന്‍ പാടുള്ളൂവെന്ന് ബഹളം വെക്കുകയായിരുന്നു. ചില യൂത്ത് ക്ലബ്ബുകളും വ്യാപാരി സംഘടനകളും കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.