തിരുവനന്തപുരം: മലയാളക്കരയിലെ എക്കാലത്തേയും ഏറ്റവും വലിയ പണംവാരി പടമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. 200 കോടിയിലധികം കളക്ഷന്‍ നേടിയ ലൂസിഫര്‍ ഇപ്പോഴും ആരാധകരെ ത്രസിപ്പിച്ച് മുന്നേറുകയാണ്. ലൂസിഫര്‍ തീയറ്ററുകളിലെത്തിയപ്പോള്‍ തന്നെ ഉയര്‍ന്ന പ്രധാനചോദ്യമായിരുന്നു രണ്ടാംഭാഗം ഉണ്ടാകുമോ എന്നത്. സംവിധായകനായ പൃഥ്വിരാജ് ഇത് സംബന്ധിച്ച സുചനകളൊന്നും നല്‍കിയിരുന്നില്ലെങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ 2 ഉണ്ടാകുമെന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ലൂസിഫര്‍ 2 എത്തുന്നുവെന്ന സൂചന നല്‍കിയത്. ഹാഷ്ടാഗില്‍ എല്‍ എന്ന് എഴുതിയിട്ടുള്ളതാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. നാളെ വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ വച്ച് അഞ്ച് മണിക്കാകും പ്രഖ്യാപനമെന്നാണ് സൂചന. ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൃഥ്വിരാജ് തന്നെയാകുമോ സംവിധാനം എന്നകാര്യത്തിലും വ്യക്തത കൈവരേണ്ടതുണ്ട്. അതേസമയം താരങ്ങളുടെ പോസ്റ്റിന് താഴെ കട്ടവെയിറ്റിംഗ് എന്ന കമന്‍റുകളുമായി ആവേശത്തോടെ ആരാധകര്‍ നിറഞ്ഞിട്ടുണ്ട്.

 

 

നേരത്തെയും ലൂസിഫര്‍ രണ്ടാംഭാഗത്തേക്കുറിച്ച് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരു ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ് മുരളി ഇട്ടിരുന്നു. 'The wait... won't be too 'L'ong.' എന്നായിരുന്നു അത്. ഇത് ലൂസിഫര്‍ രണ്ടാംഭാഗത്തെക്കുറിച്ചുള്ള സ്റ്റാറ്റസ് തന്നെയാണ് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വായിക്കപ്പെട്ടത്.