സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ ആണ് ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചത്

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്‍ത വെള്ളം സിനിമയുടെ പ്രചോദനം മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ മുൻകാല ജീവിതമായിരുന്നു. ഇപ്പോഴിതാ ഒരു പുതിയ ചിത്രത്തിൻറെ നിർമ്മാതാവായി രംഗത്തെത്തുകയാണ് അദ്ദേഹം. നവാഗതരായ വിജേഷ് പണത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നദികളിൽ സുന്ദരി യമുന എന്നാണ് പേരിട്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ ആണ് ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് യാഥാർഥ്യമാവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിവരിക്കുകയാണ് മുരളി.

മുരളി കുന്നുംപുറത്തിന്‍റെ കുറിപ്പ്

അവിചാരിതമായി എറണാകുളത്തു നിന്നും കോഴിക്കോടേക്കുള്ള യാത്രയ്ക്ക് ഇടയിൽ പറവൂരിലെ ഒരു ഹോട്ടലിൽ വച്ച് ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു പരിചയപ്പെട്ടു. മുരളിയേട്ടൻ അല്ലേ..? ഈ വെള്ളം സിനിമേടെ.? അതെ... ഞാൻ സഹീർ..... കണ്ണൂരിലെ നജീബ് തങ്ങളുടെ അളിയനാ.. ഓഹ് അതെയോ....എന്തെല്ലാ സുഖല്ലേ..?? തങ്ങളും ഞാനും തമ്മിൽ പത്തിരുപതു കൊല്ലത്തെ സൗഹൃദമാണ്. അപ്പൊ സഹീറും എനിക്ക് വളരെ പെട്ടന്നുതന്നെ പ്രിയപ്പെട്ടവനായി.. അങ്ങനെ തുടങ്ങിയ വാർത്താനങ്ങൾ ഹോട്ടലിലെ നല്ല ചൂടുചായയിലേക്കും നീങ്ങി. പിരിയാന്നേരം സഹീർ വക ഇന്ന് ഈ പോസ്റ്റിന് കാരണമായ ചോദ്യം ഉണ്ടായി. അല്ല മുരളിയേട്ടാ... ഇങ്ങള് പുതിയ സിനിമ ഒന്നും ചെയ്യുന്നില്ലേ??? ഇല്ല ഡാ... തൽക്കാലം ഒന്നും പ്ലാനില്ല... അപ്പൊ ശരി മുരളിയേട്ടാ പിന്നെക്കാണാം.. അവൻ തിരിഞ്ഞു അല്പം ഒന്ന് നടന്നു തിരികെ വീണ്ടും എന്റെ അരികിലെത്തി ഒരു സംശയത്തോടെ പറഞ്ഞു. മുരളിയേട്ടാ... എന്റെ ചങ്ങായി ഇണ്ട് വിജേഷ് പണത്തൂർ എന്നാ പേര് മൂപ്പരേല് ഒരു കഥ ഇണ്ട്. കേൾക്കാൻ നല്ല പാങ്ങുണ്ട്... നിങ്ങളെ നമ്പർ ഞാൻ എന്തായാലും ഓന് ഒന്ന് കൊടുക്കാ. ഓനൊന്നു വിളിക്കട്ടെ...

ALSO READ : 'അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ല'; 'സുമേഷേട്ട'ന്‍റെ അവസാന ചിത്രം പങ്കുവച്ച് സ്നേഹ ശ്രീകുമാര്‍

അവിടുന്ന് ഒരാഴ്ചകഴ്ഞ്ഞു നമ്മുടെ "Water man"ന്റെ ചെറിയൊരു ആവശ്യവുമായി ബന്ധപ്പെട്ട് ദുബായ്, അമേരിക്ക യാത്രയുടെ തിരക്കിൽ ആയിരുന്നു. അറിയാത്ത നമ്പറിൽനിന്നും ഒരു കാൾ. അതേ തിരക്കോടെ തന്നെ ഞാനാ കാൾ എടുത്തു. ഹലോ മുരളിയേട്ടാ..... എന്റെ പേര് വിജേഷ് പണത്തൂർ എന്നാണ്.... ഞാൻ പയ്യന്നൂർ ഉള്ള സഹീർന്റെ സുഹൃത്താണ്. എനിക്കൊരു കഥ പറയാൻ ഉണ്ടായിരുന്നു... കൊറേ വര്‍ഷങ്ങളായി മുരളിയേട്ടാ ഞാനും എന്റെ കൂട്ടുകാരൻ ഉണ്ണിയും കൂടി ഒരു സിനിമ ചെയ്യാൻ നടക്കുന്നു... മുരളിയേട്ടൻ ഒന്ന് ആ കഥ കേൾക്കുമോ?? ഞാൻ എന്റെ തിരക്കും യാത്രയുടെ കാര്യവും അവനെ പറഞ്ഞു മനസ്സിലാക്കി. അവൻ നിരാശയോടെ മറുപടിയില്ലാതെ മറുതലക്കൽ തണുത്തുറഞ്ഞു നിൽക്കുന്നപോലെ എനിക്ക് തോന്നി. അവന്റെ ശാസോച്ഛ്വാസം എനിക്ക് ഇവിടെ എന്റെ ചെവിയിൽ കേൾക്കാമായിരുന്നു. ശരി വിജേഷേ നീ പറ... എന്താ നിന്റെ കഥ. ആവേശം ചോരാതെ സമയം ചോർത്താതെ അവൻ "നദികളിൽ സുന്ദരി യമുന"യുടെ കഥ എന്നോട് പറഞ്ഞു. കഥ നന്നായെന്നോ മോശമായെന്നോ ഞാൻ അവനോടു പറഞ്ഞില്ല. പകരം ഞാൻ തിരിച്ചെത്തിയിട്ട് നേരിൽ കാണാമെന്നു മാത്രം പറഞ്ഞു ഫോൺ വച്ചു ....

മറ്റ് പല ശ്രമങ്ങളെയും പോലെ ചിലപ്പോൾ അവൻ എന്നോടുള്ള കോളും കണ്ടുകാണും. ഈ ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാം എന്ന് തന്നെ ആയിരുന്നു എന്റെ മനസ്സിൽ.. ആ പാതിരാത്രിയിലുള്ള യാത്രയിലും മനസ്സുനിറയെ "നദികളിൽ സുന്ദരി യമുന"യുടെ കഥ ഒരു സിനിമപോലെ ഓടിക്കൊണ്ടിരുന്നു... പെട്ടന്നു ഒരു സ്പാർക്ക് പോലെ മനസ്സിലേക്ക് ഓടിയത്തിയത് വിലാസേട്ടന്റെ മുഖമാണ്... 'മുരളി എനിക്കൊരു നല്ല സിനിമ ചെയ്യണം എന്നുന്നുണ്ട്.... നല്ലത് എന്ന് മുരളിക്കു പൂർണ ബോധ്യമുള്ള ഒരു പ്രൊജക്റ്റ് ഉണ്ടേൽ എന്നോടും കൂടി പറയണം ഞാനും കൂടി കൂടാഡോ.... അമേരിക്കയിൽ തിരക്കുകളിൽ ജീവിക്കുന്ന വിലസേട്ടന് നാട്ടിൻപുറങ്ങളും അവിടുത്തെ മനുഷ്യരും വല്ല്യ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം. കാരണം വിലാസേട്ടനും ഒരു തളിപ്പറമ്പുകാരനാണ്. അതുകൊണ്ട് യമുനയുടെ കഥ വിലാസേട്ടന് നന്നായി ഇഷ്ടപെടുമെന്നു എന്റെ മനസ്സു പറഞ്ഞു. തുടർന്ന് അടുത്ത ദിവസങ്ങളിൽ അമേരിക്കയിൽ വച്ച് വിലാസേട്ടനെ നേരിൽ കാണുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. ഞാൻ പ്രതീക്ഷിച്ചപോലെ വിലാസേട്ടനും യമുനയെ ഇഷ്ടമായി. തനി നാട്ടുമ്പുറത്തുകാരായ രണ്ടു ചെറുപ്പക്കാർ... അവരുടെ സ്വപ്നം... പ്രതീക്ഷ... അതിന് നമ്മളാൽ ചെയ്യാൻ കഴിയുന്ന ഒരു കൈത്താങ്ങ്.... ഇല്ലങ്കിൽ നമ്മളൊക്കെ സിനിമാപ്രേമികൾ ആണെന്ന് പറയുന്നതിൽ ഒരു കാര്യോം ഇല്ലല്ലോ മുരളി.. അതാണ്‌ വിലസേട്ടൻ. മൂപ്പർക്ക് അങ്ങനെ പറയാനേ കഴിയു എന്ന് എനിക്ക് അറിയാമായിരുന്നു...

ALSO READ : സൈക്കിള്‍ യജ്ഞം മുതല്‍ 'മറിമായം' വരെ; മരണം വരെ കലാകാരനായിരിക്കാന്‍ ആഗ്രഹിച്ച ഖാലിദ്

അങ്ങനെ അവിടെ വച്ച് യമുനയ്ക്ക് ജീവൻ വച്ച് തുടങ്ങി.. എന്നിട്ടും ഞാൻ ആ ചെറുപ്പക്കാരെ വിളിച്ചില്ല. അതിന് അടുത്ത ദിവസം നാട്ടിലേക്കു പുറപ്പെട്ടു. വിജേഷിനെ വിളിച്ചു നാളെ തളിപ്പറമ്പിലുള്ള MRA ഹോട്ടലിലേക്ക് വരൂ നേരിൽ കാണാം... പറഞ്ഞ സമയത്തു അവർ എത്തി.. ഞാനും എന്റെ കൂടെ നിഴൽപോലെ നിൽക്കുന്ന വിജേഷ് വിശ്വവും ഉണ്ടായിരുന്നു.. അവർ വീണ്ടും യമുനയെക്കുറിച്ച് വാതോരാതെ കുറേ സംസാരിച്ചു. എന്റെ കൂടെ വന്ന വിജേഷ് വിശ്വം പറഞ്ഞു, മുരളിയേട്ടാ നമുക്കിതു ചെയ്യാം. ഇതിലൊരു നന്മയുള്ള നല്ല സിനിമയുണ്ട്. അന്ന് അവരെ രണ്ടുപേരെയും ചേർത്ത് നിർത്തി കൈ കൊടുത്തു.. അതെ നമ്മൾ ഈ സിനിമ ചെയ്യുന്നു.. അതെ ഞങ്ങളുടെ നദിപോലെ സുന്ദരിയായ യമുന തുടങ്ങുകയാണ്.