പ്രമുഖ സംഗീത സംവിധായകൻ മുഹമ്മദ് സാഹുർ ഖയ്യാം അന്തരിച്ചു. ഹൃദയസ്‍തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 92 വയസ്സായിരുന്നു. ജുഹു സുജോയ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 21ദിവസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഖയ്യാമിനെ 2011ല്‍ രാജ്യം പദ്‍മ ഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഉമ്രാവോ ജാൻ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് 1982ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2007ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. നിരവധി തവണ ഫിലിംഫെയര്‍ പുരസ്‍കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. 1976ല്‍ യാഷ് ചോപ്ര സംവിധാനം ചെയ്‍ത ‘കഭീ കഭീ’ എന്ന ഹിന്ദി ചിത്രത്തിലെ  'കഭീ കഭീ മേരേ ദിൽ മേ' എന്ന ഗാനത്തിന്റെ ഈണമായിരുന്നു ഖയ്യാമിനെ ചലച്ചിത്ര ഗാന ആസ്വാദകരില്‍ സ്വീകാര്യനാക്കിയത്.