മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്തെ അത്രമേല്‍ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ ഖയ്യാം 92-ാം വയസ്സിൽ വിടവാങ്ങുകയാണ്. മുഹമ്മദ് സാഹുർ ഖയ്യാം ഹാഷ്മി എന്നാണ് ഖയ്യാമിന്‍റെ പൂർണനാമം. ഹിന്ദി ചലച്ചിത്രലോകത്ത് എണ്ണത്തിൽ കുറവെങ്കിലും, സുന്ദരമായ ഒരു പിടി ഗാനങ്ങൾക്ക് ഖയ്യാം ഈണം നൽകിയിട്ടുണ്ട്. കഭീ കഭീ, ഉംറാവ് ജാൻ എന്നിവ അവയിൽ ചിലത് മാത്രം.

മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഖയ്യാം മരണപ്പെട്ടത്. രാത്രി ഒമ്പതരയോടെയാണ് അന്ത്യം. ജൂലൈ 28-നാണ് ഖയ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരളിലെ അണുബാധ ഗുരുതരമായതോടെയാണ് മരണം സംഭവിച്ചത്. 

വിഖ്യാത ചിത്രം ഉംറാവ് ജാനിന് പുറമേ, സൂപ്പർ ഹിറ്റ് ചിത്രം 'കഭീ കഭീ'യിലെ 'കഭീ കഭീ മേരേ ദിൽ മേ', 'തേരെ ചെഹ്‍രേ സേ' 'ബസാറി'ലെ 'ദിഖായി ദിയേ ക്യോം', 'നൂറി'യിലെ 'ആജാ രേ', ഉൾപ്പടെ നിരവധിയുണ്ട് ഖയ്യാമിന്‍റെ അനശ്വര ഗീതങ്ങൾ. 

1961-ലെ ഷോലാ ഓർ ശബ്നം എന്ന ചിത്രത്തിലൂടെയാണ് ഖയ്യാം പ്രശസ്തനായത്. ഉംറാവ് ജാനിന്‍റെ സംഗീതസംവിധാനത്തിന് ഖയ്യാമിനെ ദേശീയ ചലച്ചിത്ര പുരസ്കാരം തേടിയെത്തി. സംഗീത നാടക അക്കാദമിയുടെ ലൈഫ് ടൈം അവാർഡ് 2007-ൽ ഖയ്യാമിനായിരുന്നു. 2011-ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 

'കഭീ കഭീ' ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെത്തന്നെ അതുല്യപ്രണയഗാനമായാണ് കരുതപ്പെടുന്നത്. 

''ഇടയ്ക്കിടെ എന്‍റെ മനസ്സിലീ ചിന്ത വിരിയും.

നീ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന്. 

നക്ഷത്രങ്ങളിലെവിടെയോ ജീവിച്ചിരുന്ന നീ,

ഭൂമിയിലേക്ക് എത്തിയതുതന്നെ എനിക്ക് വേണ്ടിയാണെന്ന് ..''

അതുല്യഗീതമായ 'കഭീ കഭീ' ഒന്നു മൂളാത്തവരില്ല. അർത്ഥസുന്ദരമായ ഗുൽസാറിന്‍റെ വരികൾ മുകേഷും ലതാ മങ്കേഷ്കറും അതുല്യമാക്കുകയും ചെയ്തു. 

ഖയ്യാമിന്‍റെ ചില പാട്ടുകൾ കേൾക്കാം: