ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു ഐസക് തോമസ് കൊട്ടുകാപള്ളി.

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപള്ളി അന്തരിച്ചു. മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. കോട്ടയം സ്വദേശിയാണ് ഐസക് തോമസ് കൊട്ടുകാപള്ളി. ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു.

ഷാജി എൻ കരുണ്‍ സംവിധാനം ചെയ്‍ത സ്വം എന്ന സിനിമയ്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വഹിച്ച് 1994ലാണ് ഐസക് തോമസ് കൊട്ടുകാപള്ളി സിനിമയുടെ ഭാഗമാകുന്നത്. ഗിരീഷ് കാസറവള്ളിയുടെ തായ് സഹേബ എന്ന കന്നഡ ചിത്രത്തിന്റെ സംഗീത സംവിധായകനായും പശ്ചാത്തല സംഗീതം ചെയ്‍തും ശ്രദ്ധേയനായി. തുടര്‍ന്നങ്ങോട്ട് ഗീരീഷ് കാസറവള്ളിയുടെ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി. നിശാദ് എന്ന ഹിന്ദി സിനിമയിലും പ്രവര്‍ത്തിച്ചു. ഭാവം, കുട്ടിസ്രാങ്ക്, തൂവാനം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. ഭാവം, ആദാമിന്റെ മകൻ അബു, വര്‍ണം, പറുദീസ, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകള്‍ക്ക് പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചു.

ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ പശ്ചാത്തല സംഗീതത്തിനാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയത്. എ ആര്‍ റഹ്‍മാനൊപ്പം ഏഷ്യാനെറ്റിന്റെ തീം സോംഗിന്റെ സംഗീതം നിര്‍വഹിച്ചു.

അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്‍താപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്.