സംവിധായകൻ പ്രിയദർശൻ തൻ്റെ കരിയറിലെ നൂറാമത്തെ ചിത്രത്തിനൊരുങ്ങുന്നു.

തന്‍റെ ഫിലിമോഗ്രഫിയില്‍ സെഞ്ചുറി അടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ബോളിവുഡിലാണ്. അക്ഷയ് കുമാര്‍ നായകനാവുന്ന ഭൂത് ബം​ഗ്ലയും സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹയ്വാനും. അദ്ദേഹത്തിന്‍റെ കരിയറിലെ 97-ാമത്തെ ചിത്രമാണ് ഹയ്വാന്‍. കരിയറിലെ 98-ാമത്തെ ചിത്രവും ബോളിവുഡിലാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. ഇതില്‍ പങ്കജ് ത്രിപാഠി, അന്നു കപൂര്‍, സൗരഭ് ശുക്ല എന്നിവരാണ് അഭിനയിക്കുന്നത്. കരിയറിലെ നൂറാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അത് ഏത് തരത്തിലുള്ള സിനിമ ആയിരിക്കുമെന്ന് പറയുകയാണ് പ്രിയദര്‍ശന്‍. റിലീസ് ആവാനിരിക്കുന്ന തന്‍റെ പുതിയ ചിത്രം ഭൂത് ബംഗ്ലയുടെ പ്രൊമോഷന്‍റെ ഭാഗമായി വെറൈറ്റി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇതേക്കുറിച്ച് പറയുന്നത്.

100-ാം ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍

100-ാം ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയദര്‍ശന്‍ നല്‍കുന്ന മറുപടി ഇങ്ങനെ- “അത് മോഹന്‍ലാലിനൊപ്പമാണ്. എന്‍റെ ആദ്യ സിനിമയിലെ നായകനാണ് എന്‍റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്. അത് ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ദൈവം സഹായിച്ചാല്‍ അത് നടക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു കോമഡി സിനിമ ആയിരിക്കില്ല. അത് ഞാനിപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല. പക്ഷേ അത് സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു”, പ്രിയദര്‍ശന്‍ പറയുന്നു. 2027 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ അത് സംഭവിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.

ബോക്സിംഗ് പശ്ചാത്തലമാക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയ്ക്കുവേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചേക്കുമെന്ന് 2021 ല്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലിക്കുന്ന വീഡിയോകളും ഈ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 2021 ഡിസംബറില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പ്രതീക്ഷിച്ചിരുന്ന വിജയം നേടാതെ പോയതിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം ഉടന്‍ പ്ലാന്‍ ചെയ്യുന്നില്ലെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചിരുന്നു, പ്രിയദര്‍ശന്‍റെ 100-ാം ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ അത് ഏത് ഗണത്തില്‍ പെടുന്ന സിനിമ ആയിരിക്കുമെന്ന് ആരാധകര്‍ക്ക് കൗതുകം ഉണ്ടായിരുന്നു. അക്കാര്യമാണ് പുതിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming