Asianet News MalayalamAsianet News Malayalam

'എന്‍റെ രാജി ശരിയെന്ന് തെളിഞ്ഞു'; അമ്മയില്‍ പുതുതലമുറ മാറ്റം കൊണ്ടുവരുമെന്നും ഹരീഷ് പേരടി

വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും ഹരീഷ്

my resignation from amma was right says hareesh peradi
Author
Thiruvananthapuram, First Published Jun 28, 2022, 10:59 AM IST

താരസംഘടന അമ്മയില്‍ (AMMA) നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞതായി നടന്‍ ഹരീഷ് പേരടി (Hareesh Peradi). സംഘടന ഒരു ക്ലബ്ബ് ആണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും ഹരീഷ് പേരടി പ്രതികരിച്ചു. ബലാല്‍സം​ഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതടക്കം അമ്മയുടെ വാര്‍ഷിക ബനറല്‍ ബോഡി യോ​ഗത്തിനു പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരിക്കുകയായിരുന്നു ഹരീഷ് പേരടി.

വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് പറഞ്ഞ ഹരീഷ് സംഘടനയില്‍ പുതിയ തലമുറ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. എന്‍റെ രാജി വ്യക്തിപരമായിരുന്നില്ല. മറിച്ച് നിലപാടായിരുന്നു. സംഘടന നിലപാട് മാറ്റിയാൽ രാജി പിൻവലിക്കുന്ന കാര്യം അപ്പോൾ ആലോചിക്കേണ്ട കാര്യമാണ്, ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

ALSO READ : നായകന്‍ പൃഥ്വിരാജ്, സംവിധാനം ജീത്തു ജോസഫ്; 'മെമ്മറീസ്' ടീം വീണ്ടും

'അമ്മ' ജനറല്‍ ബോഡി യോഗത്തിന്‍റെ പല തീരുമാനങ്ങളും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷമ്മി തിലകനെതിരെയുള്ള അച്ചടക്ക നടപടിയായിരുന്നു ഇതില്‍ പ്രധാനം. ഷമ്മിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്നാണ് ആദ്യം പുറത്തെത്തിയിരുന്ന വിവരമെങ്കിലും വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചിരുന്നു. സംഘടനയ്ക്കെതിരെ തുടര്‍ച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിക്കുകയും ചെയ്‍തിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു. 

ALSO READ : സിനിമയ്‍ക്കൊപ്പം 20 വര്‍ഷങ്ങള്‍; സംവിധാനമെന്ന മോഹം പൂര്‍ത്തിയാവാതെ അംബികാ റാവുവിന് മടക്കം

എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ അമ്മ അം​ഗവും പത്തനാപുരം എംഎല്‍എയുമായ കെ ബി ​ഗണേശ് കുമാര്‍ രം​ഗത്തെത്തിയിരുന്നു. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കി. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ. അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സംഘടനയിൽ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ'? ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതുമെന്നും ​ഗണേശ് പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios