Asianet News MalayalamAsianet News Malayalam

ഒന്നിക്കാൻ വൈകിയ പ്രണയിനികളുടെ കഥ, 'മൈ സീക്രട്ട് റൊമാൻസ്' റിവ്യു

'മൈ സീക്രട്ട് റൊമാൻസ്' എന്ന കൊറിയൻ ഡ്രാമയുടെ റിവ്യു.

My Secret Romance Korean Drama review
Author
First Published Oct 28, 2022, 6:19 PM IST

കെ ഡ്രാമ രംഗത്ത് ഏറ്റവും വിജയസാധ്യത ഉള്ള പ്രമേയം പ്രണയമാണ്. മറ്റ് ഏത് സിനിമാ, പരമ്പര രംഗവും എന്ന പോലെ. നായകനും നായികയും തമ്മിലുള്ള പ്രണയത്തിൽ അകൽച്ചയും പ്രശ്‍നങ്ങളും ഉണ്ടാക്കുന്ന വിഷയങ്ങൾ ആണ് മാറിയും തിരിഞ്ഞും വരാറ്. ഒപ്പം ഈ വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്‍തു എന്നതിലെ വ്യത്യസ്‍തതയും. സമ്മർദം, തെറ്റിദ്ധാരണകൾ, മാതാപിതാക്കളുടെ അനിഷ്‍ടം തുടങ്ങി പല കാരണങ്ങളാണ് പ്രണയത്തിൽ കല്ലുകടി ഉണ്ടാക്കുക. കുട്ടിക്കാലം മുതൽ ഒപ്പം കൂടിയ ചില അപകർഷതാബോധവും സുരക്ഷിതത്വ ആശങ്കകളും കാരണം പരസ്‍പരം ഒന്നിക്കാൻ വൈകിക്കുന്ന രണ്ട് പ്രണയിനികളുടെ കഥയാണ് 'മൈ സീക്രട്ട് റൊമാൻസ്' എന്ന കെ ഡ്രാമ പറയുന്നത്.

അമ്മയുടെ രണ്ടാം കല്യാണത്തിനാണ് യൂ മി എന്ന കഥാനായിക ഒരു വലിയ റിസോർട്ടിൽ എത്തുന്നത്. അവിടേക്കുള്ള യാത്രക്കിടെ കണ്ട ജിൻ വുക്കിനെ അവൾ റിസോർട്ടിലും കാണുന്നു. അവൻ അവിടത്തെ ജീവനക്കാരൻ ആണ് എന്നാണ് യൂ മി കരുതിയത്. യഥാർത്ഥത്തിൽ ജിൻ വുക്ക് ആ റിസോർട്ടിന്റെ ഉടമസ്ഥന്റെ മകനാണ്. ഹോട്ടലിന് പുറമെ മറ്റ് നിരവധി ബിസിനസുകളും ഉള്ള തന്റെ സാമ്രാജ്യം മകനെ ഏൽപ്പിക്കും മുമ്പ് ചട്ടം പഠിപ്പിക്കാനും ഉത്തരവാദിത്ത ബോധം കൂട്ടാനും ആണ് ചെയർമാൻ വിട്ടിരിക്കുന്നത്. ചെറിയ തല്ലുകൂടലിനിടയിലും രണ്ടു പേരും നല്ല കൂട്ടാവുന്നു. തികച്ചും അപ്രതീക്ഷിതവും അവിചാരിതവും ആയി അവർ ഒരു രാത്രി ഒരുമിച്ച് ചെലവിടുന്നു. പക്ഷേ രാവിലെ ജിൻ വുക്ക് ഉണരും മുമ്പ്, ഒരു വാക്കു പറയുകയോ അറിയിക്കുകയോ ചെയ്യാതെ യൂ മി സ്ഥലം വിടുന്നു. ജിൻ വുക്കിന് അതൊരു ഷോക്കും അപമാനവും ഒക്കെ ആകുന്നു.

My Secret Romance Korean Drama review

പിന്നെ കഥ മൂന്ന് വർഷം കഴിഞ്ഞുള്ള കാലത്തേക്ക് ചാടുന്നു. പഠനം പൂർത്തിയാക്കി ഒരു വലിയ കമ്പനിയിലെ കഫേയിൽ ന്യൂട്രിഷനിസ്റ്റ് ആയി യൂ മി ജോലിയിൽ പ്രവേശിക്കുന്നു. ആ കമ്പനിയുടെ ബോസ് ആണ് ജിൻ വുക്ക് എന്ന് പതുക്കെയാണ് യൂ മിക്ക് മനസ്സിലാവുന്നത്. കുറച്ചധികം ഗൗരവത്തോടെയാണ് ആദ്യം ജിൻ വുക്ക് യൂ മിയോട് പെരുമാറുന്നത്. അവൻ തന്നെ മറന്നിട്ടില്ലെന്നും ഇപ്പോഴും സ്നേഹമുണ്ടെന്നും യൂ മി തിരിച്ചറിയുന്നുണ്ട്. പക്ഷേ തനിക്കുമുള്ള അനുരാഗവുമായി മുന്നോട്ട് പോകാൻ അവൾക്ക് ധൈര്യം വരുന്നില്ല. മുതിർന്നവർക്ക് മാത്രമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുള്ള അമ്മയുടെ ജോലിയുടെ പേരിൽ പലകുറി നേരിട്ടുള്ള അപമാനമാണ് അവളെ പിന്നോട്ടു വലിക്കുന്നത്. ഇതിനിടയിൽ യൂ മിയുടെ അമ്മക്ക് രണ്ടാമത് ജനിക്കുന്ന കുഞ്ഞ് യൂ മിയുടേതാണെന്നും കുഞ്ഞിന്റെ പിതാവ് തന്റെ മകനാണെന്നും ജിൻ വുക്കിന്റെ അച്ഛൻ തെറ്റിദ്ധരിക്കുന്നു. അതിന്റെ പേരിൽ മകനെ വഴക്കും പറയുന്നു. ഇടക്കൊരിടെ ജിൻ വുക്കും അങ്ങനെ വിചാരിക്കുന്നു. തെറ്റിദ്ധാരണകൾ പതുക്കെ മാറുന്നുണ്ടെങ്കിലും ജിൻ വുക്ക് തന്നോട് അടുപ്പം കാണിച്ചത് കുഞ്ഞിന്റെ പേരിലുള്ള തെറ്റിദ്ധാരണ കൊണ്ടാണെന്ന് യൂ മി വിചാരിക്കുന്നു. അതിൽ ദേഷ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടു പേരും മുന്നോട്ട് പോകുന്നു.

My Secret Romance Korean Drama review

ഇതിനിടയിൽ യൂ മിയുടെ അടുത്ത സ്നേഹിതനായ ഒരു സഞ്ചാരി യാത്രികന് അവളോട് പ്രണയമുണ്ട്. ജിൻ വുക്കിനെ വിവാഹം കഴിക്കണമെന്ന് ഒറ്റക്കാലിൽ നടക്കുന്ന സ്നേഹിതയുണ്ട്. കമ്പനിയിലെ സുഹൃത്തുക്കളുണ്ട്.  ജിൻ വുക്കും യൂ മിയും എങ്ങനെ ഒരുമിക്കുന്നു എന്നതിലേക്ക് കഥ എത്തുന്നത് ഒട്ടും മുഷിപ്പിക്കാതെയാണ്. നല്ല പാട്ടുകളും (പ്രധാന ഗാനം പാടിയത് നായികാനായകൻമാരെ അവതരിപ്പിക്കുന്ന സ്യൂങ് ഹൂനും സോങ് ജ്യൂനും തന്നെ ആണ്) നല്ല സംഗീതവും കഥാഗതിയെ കൂടുതൽ ഉഷാറാക്കി മുന്നോട്ടു കൊണ്ടു പോകുന്നു. പ്രശസ്‍ത കേബിൾ നെറ്റ്‍വർക്ക് ആയ ഒസിഎൻ ആദ്യമായി പ്രണയം വിഷയമാക്കി ചെയ്‍ത ഡ്രാമ ആയിരുന്നു 'മൈ സീക്രട്ട് റൊമാൻസ്'.  വെറുതെ ഇരിക്കുമ്പോൾ കാണാവുന്ന, സന്തോഷം പകരുന്ന ഡ്രാമ.

Read More: മുഷിപ്പ് നിറഞ്ഞ ജീവിതം വിട്ടൊരു ടൈം ട്രാവൽ; ബന്ധങ്ങളുടെ ആഴം പറഞ്ഞ 'ഗോ ബാക്ക് കപ്പിൾ'- റിവ്യു

Follow Us:
Download App:
  • android
  • ios