ബിഗ് ബിക്കു ശേഷം അമല്‍ നീരദ്, മമ്മൂട്ടി

പത്ത് വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി (Mammootty)- നദിയ മൊയ്‍തു (Ndia Moidu) കോമ്പിനേഷന്‍ സ്ക്രീനില്‍ എത്തുന്നത്. അമല്‍ നീരദിന്‍റെ (Amal Neerad) സംവിധാനത്തിലെത്തുന്ന 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam) ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നദിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

'ഫാത്തിമ' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ഭീഷ്‍മ പര്‍വ്വത്തിലെ ഒന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണിത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നത്. അക്കാരണത്താല്‍ തന്നെ ഇതിനകം ഹൈപ്പ് ലഭിച്ച ചിത്രവുമാണിത്. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഇന്നലെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2022 ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിലെത്തും.