'വിവാഹം കഴിക്കണമെന്നോ പ്രണയിച്ച് നടക്കണമെന്നോ ഒന്നും എനിക്കില്ല'.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. ബിഗ്ബോസിനു ശേഷമാണ് നാദിറയുടെ വ്യക്തിത്വം കുടുംബം അംഗീകരിച്ചത്. ഇപ്പോൾ വീട്ടുകാരോടൊപ്പമാണ് നാദിറ താമസിക്കുന്നത്. അടുത്തിടെയാണ് താരം പുതിയൊരു വീട് പണിതത്. കുടുംബമാണ് തനിക്ക് എല്ലാമെന്നും താനിപ്പോഴും അവരുടെ പഴയ നജീബ് തന്നെയാണെന്നും പല അഭിമുഖങ്ങളിലും നാദിറ തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാൻ പോലും താത്പര്യമില്ലെന്നും കുടുംബത്തിനു വേണ്ടി ജീവിക്കാനാണ് ആഗ്രഹമെന്നുമാണ് പുതിയതായി നൽകിയ അഭിമുഖത്തിലും താരം പറയുന്നത്.
''വിവാഹം കഴിക്കണമെന്നോ പ്രണയിച്ച് നടക്കണമെന്നോ ഒന്നും എനിക്കില്ല. ഇപ്പോൾ ഇരുപത്തിയാറ് വയസായി. പലരും എന്നോട് ചോദിക്കാറുണ്ട് ഒരു വിവാഹം ആയിക്കൂടേയെന്ന്. പക്ഷെ വേണ്ട. എനിക്ക് എന്റെ അനിയത്തിയുടെ വിവാഹവും അവളുടെ ജീവിതവും വീട്ടുകാരുടെ ജീവിതവുമൊക്കെ കണ്ട് ആസ്വദിച്ചാൽ മതി. ഞാനൊരു ഫാമിലി ബോയിയാണ്. വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയി, അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീട്ടിൽ വിളിച്ച് ചോദിച്ചു, തിരിച്ച് വന്നോട്ടെയെന്ന്. കാരണം, എനിക്ക് അവരില്ലാതെ പറ്റുന്നില്ലായിരുന്നു. രാവിലെ എഴുന്നേറ്റാൽ ചായ ഉമ്മ കൊണ്ട് വന്ന് തരും. എന്റെ ഒരു ഡ്രസും ഞാൻ കഴുകേണ്ടി വന്നിട്ടില്ല. ബസ് യാത്രയ്ക്കുള്ള കാശ് വാപ്പയാണ് തന്നിരുന്നത്. എല്ലാ ദിവസവും വൈകീട്ട് വരുമ്പോൾ വാപ്പ പലഹാരം കൊണ്ടുവരും. ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ്. ഇതിൽ കൂടുതല് എന്താണ് വേണ്ടത്? ഇതൊന്നും ഇല്ലാത്ത ആളായി ജീവിക്കാൻ എനിക്ക് പറ്റുന്നില്ലായിരുന്നു'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.
