ട്രാൻസ്‌വുമണും ബിഗ് ബോസ് താരവുമായ നാദിറ മെഹ്റിൻ, ഷോ തന്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വർഷങ്ങൾക്കുമുമ്പ് വീടുവിട്ടിറങ്ങിയ ശേഷം കുടുംബത്തിൽ നിന്നകന്നു കഴിഞ്ഞിരുന്ന നാദിറയെ, ഷോയിലെ ഫാമിലി റൗണ്ടിൽ സഹോദരി നേരിട്ടെത്തി വീട്ടിലേക്ക് തിരികെ ക്ഷണിക്കുകയായിരുന്നു.

ബിഗ്ബോസിലൂടെ തന്റെ ജീവിതം മാറിമറിഞ്ഞതിനെക്കുറിച്ച് കുറിപ്പുമായി ട്രാൻസ്‍വുമണും ബിഗ്ബോസ് താരവുമായ നാദിറ മെഹ്റിൻ. എന്നും പ്രേക്ഷകരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും നാദിറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇതു വരെയുള്ള തന്റെ യാത്രയെക്കുറിച്ച് നാദിറ വിശദമായി കുറിപ്പിൽ സംസാരിക്കുന്നുണ്ട്.

''അഗ്നിപരീക്ഷ സീസൺ ഒന്നിലെ ജഡ്ജ് ആകാൻ സാധിച്ചതിലും ഒപ്പം സീസൺ 5-ൽ ഞാൻ ഉയർത്തിപ്പിടിച്ച എന്റെ വിജയകിരീടവും (കുടുംബം) തിരിഞ്ഞ് നോക്കുമ്പോൾ 2018-ൽ വീട്ടിൽ നിന്നും ഇറങ്ങുന്ന സാഹചര്യത്തിൽ വാപ്പ പെരുന്നാൾ കുപ്പായം എടുക്കാൻ തന്ന 2000 രൂപയും കുറച്ച് ടീഷർട്ടും പാന്റുകളും ഒപ്പം എന്തെന്നില്ലാത്ത ആവേശവും ആത്മ വിശ്വാസവും. നാദിറ എന്ന പുതിയ വേഷം ജീവിക്കാൻ തുടങ്ങിയപ്പോൾ ആ ആത്മവിശ്വാസം പെട്ടന്ന് കുറഞ്ഞു.

നിങ്ങൾ പറയുന്നപോലെ ഞാൻ അവിടെ ജീവിച്ചോളാം, ഞാൻ തിരിച്ച് വന്നോട്ടെ എന്ന് കരഞ്ഞുകൊണ്ട് ഉമ്മയെ വിളിച്ച് ചോദിച്ചത് ഇന്നും ഓർക്കുന്നു. ഞാൻ എന്റെ വീട്ടുകാരെ എല്ലാവരുടേയും മുന്നിൽ നാണം കെടുത്തി ഇറങ്ങി വന്നത് എന്റെ ഇഷ്ടങ്ങൾ നോക്കിയാണെന്നും ഇനിയും എന്റെ വീട്ടുകാർക്ക് അവിടെ ജീവിക്കാനുള്ളതാണെന്നും ഒരിക്കൽ പോലും ഓർക്കാതെ സ്വാർത്ഥത കാണിച്ച എന്നോട് ഉമ്മ പറഞ്ഞത് കുറച്ചൊന്ന് കഴിയട്ടെ എല്ലാം പഴയതുപോലെ ആകും എന്നാണ്.

വാപ്പക്കുണ്ടായ നഷ്ടങ്ങളെ പറ്റി എന്നോട് പറയാതെ അതും അവർ സഹിച്ചു. കാലം കടന്ന് പോയി... എനിക്ക് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല എന്നും ഇനി ഇതിൽ അഭിമാനിച്ചോ സഹിച്ചോ ജീവിക്കണം എന്ന യാഥാർത്ഥ്യത്തിൽ ഞാൻ എത്തി. ഒപ്പം ഒരിക്കൽ പോലും ഇടവേള വരാതെ ഡിഗ്രി പൂർത്തിയാക്കി രണ്ട് പിജിയും ചെയ്തു. അപ്പോഴും കുടുംബക്കാർ കൂടുന്ന എല്ലാ ഇടങ്ങളിലും ഞാൻ ചർച്ചയാകുന്നു. അവൻ അവന്റെ ഇഷ്ടത്തിന് എവിടെയെങ്കിലും ജീവിച്ചോട്ടെ എന്ന് എനിക്ക് വേണ്ടി വാദിക്കുന്ന അനിയത്തിയും വീട്ടുകാരും.

പിന്നീട് ജീവിതത്തെ മാറ്റിമറിക്കും എന്ന് ഞാൻ പോലും വിചാരിക്കാത്ത ബിഗ് ബോസിലേക്ക് ഞാൻ തെരഞ്ഞെടുക്കപ്പെടുന്നു. രണ്ടായ്ചക്കുള്ളിൽ ഞാൻ തിരിച്ച് വരും എന്ന് ഉമ്മയോട് പറഞ്ഞു. വാപ്പയോട് പറയണ്ടേ എന്ന് പറയാനുള്ള ധൈര്യപോലും ഇല്ലായിരുന്നു. കാരണം വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് 5 വർഷമായി, ഒപ്പം വാപ്പയോട് സംസാരിച്ചിട്ടും. ബിഗ് ബോസിലേക്ക് കയറുമ്പോൾ ഒരൊറ്റ തീരുമാനം മാത്രം... വീട്ടുകാരെ പറ്റി സംസാരിക്കരുത്. അവർക്കത് ബുദ്ധിമുട്ടാകും. പക്ഷേ, ‌‍‍പിന്നീട് നടന്നത് എല്ലാം സ്വപ്നത്തിൽ കണ്ടതിന്റെ യഥാർത്ഥ്യം. മാതൃദിനം, ഓണം അങ്ങനെ പല പരിപാടികളിലും എന്നെ ഞെട്ടിച്ച് എന്റെ വീട്ടുകാരും അവരുടെ ആശംസകളും എത്തി. പക്ഷെ ഫാദേഴ്സ് ഡേയിൽ വാപ്പ വന്നില്ല.

ഫാമിലി റൗണ്ടിൽ മറ്റാരെങ്കിലുമാകും എന്ന് പ്രതീക്ഷിച്ച് നിന്ന എനിക്ക് ബിഗ് ബോസ് സീസൺ അഞ്ചിന്റെ വിജയകിരീടവുമായി എന്റെ സഹോദരി മൈലുകൾ താണ്ടി എന്റെ അടുത്തേക്ക്. അതും തിരിച്ച് വീട്ടിലേക്ക് വരണം എന്ന് സ്വാഗതം ചെയ്യാൻ. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം മാത്രം. ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തതെന്ന് ഇന്നും ഇടയ്ക്കോർക്കും. ഇന്ന് എന്റെ കുടുംബത്തിന് എന്റെ നാട്ടിൽ തന്നെ എന്റെ നാട്ടുകാരുടെ മുന്നിൽ തല ഉയർത്തിപിടിച്ച് അഭിമാനത്തോടെ പറയുന്ന ആ വീട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നതും. എല്ലാത്തിനും നന്ദി നിങ്ങളോടാണ്. മറ്റാരെക്കാൾ കൂടുതൽ നിങ്ങൾ എന്നെ സ്നേഹിച്ചു, പ്രോത്സാഹിപ്പിച്ചു, ഒപ്പം ചേർത്തുപിടിച്ചു'', എന്നാണ് നാദിറ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

YouTube video player